കണ്ണൂര്‍: സംസ്ഥാനത്തെങ്ങും വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ ജോലി ഒഴിവുണ്ടെന്നു പരസ്യപ്പെടുത്തി വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത വിരുതന്‍ അറസ്റ്റില്‍. മലപ്പുറം, വണ്ടൂര്‍, പാലക്കോട്ടെ കളത്തിങ്കല്‍ മുഹമ്മദ് അനീസി(39)നെയാണ് ചൊവ്വാഴ്ച രാവിലെ ബംഗ്‌ളൂരുവില്‍ വച്ച് അറസ്റ്റു ചെയ്തത്. കീഴ്പ്പള്ളി, പുതിയങ്ങാടി, കണ്ണംതൊടിയിലെ മുഹമ്മദ് അജ്‌സല്‍ നല്‍കിയ പരാതി പ്രകാരം ആറളം എസ്.ഐ കെ. ഷുഹൈബിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 1,37,700 രൂപ കൈപ്പറ്റിയ ശേഷം വിസ നല്‍കാതെ വഞ്ചിച്ചതിനെ തുടര്‍ന്നാണ് മുഹമ്മദ് അജ്‌സല്‍ പൊലീസില്‍ പരാതി നല്‍കിയത്. ആറളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വാട്‌സ്ആപ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് തട്ടിപ്പുകള്‍ നടത്തിയതായി കണ്ടെത്തിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി പ്രദേശവാസികളെ കണ്ടെത്തുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. പ്രദേശവാസികളില്‍ ഒരാളെ അഡ്മിന്‍ ആക്കിയാണ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയത്. പിന്നീട് മുഹമ്മദ് അജ്‌സല്‍ അടക്കമുള്ളവരെ ഗ്രൂപ്പില്‍ അംഗങ്ങളാക്കി. അഡ്മിന്‍മാര്‍ക്ക് കമ്മീഷനും നല്‍കും. വിസ ഉണ്ടെന്ന് ഗ്രൂപ്പ് വഴി പരസ്യപ്പെടുത്തിയാണ് പണം കൈക്കലാക്കിയിരുന്നത്. തട്ടിപ്പ് സംബന്ധിച്ച് കാസര്‍കോട്, ബേഡകം, കരുവാരക്കുണ്ട്, മങ്കട, പൊന്നാനി, വണ്ടൂര്‍, മൂവറ്റുപുഴ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ മുഹമ്മദ് അനീസിനെതിരെ കേസുള്ളതായി പൊലീസ് പറഞ്ഞു.
