കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പിടികിട്ടാപ്പുള്ളിയായ യുവാവ് അറസ്റ്റില്‍. കര്‍ണ്ണാടക, ചിത്രദുര്‍ഗ സ്വദേശിയായ തിമ്മയ്യ (38)യെ ആണ് ജില്ലാ പൊലീസ് മേധാവി വിജയഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം എ.എസ്.പി നന്ദഗോപന്റെ മേല്‍നോട്ടത്തില്‍ മഞ്ചേശ്വരം എസ്.ഐ. കെ.ആര്‍ ഉമേശനും സംഘവും അറസ്റ്റു ചെയ്തത്. എസ്.ഐ.യും എ.എസ്.ഐ സദന്‍, പൊലീസുകാരായ സുഭാഷ്, ചന്ദ്രകാന്ത് എന്നിവരുമടങ്ങിയ സംഘം ബംഗ്‌ളൂരുവില്‍ എത്തിയാണ് പ്രതിയെ പിടികൂടിയത്. 2020ല്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ പോക്‌സോ കേസെടുത്ത പൊലീസ് തിമ്മയ്യയെ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയതോടെയാണ് തിമ്മയ്യയെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചത്. പ്രതിയെ കണ്ടെത്താന്‍ പല തവണ പൊലീസ് ശ്രമം നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല. ഇപ്പോള്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് തിമ്മയ്യയെ ബംഗ്‌ളൂരുവില്‍ കണ്ടെത്തിയത്. മറ്റൊരു പേരിലാണ് തിമ്മയ്യ ഒളിവില്‍ കഴിഞ്ഞിരുന്നതെന്നു പൊലീസ് പറഞ്ഞു.
