കാസർകോട്: ജില്ലയിലെ ജനങ്ങൾ നേരിടുന്ന കടുത്ത യാത്രാ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിന് മെമ്മു സർവീസ് മംഗളൂരു വരെ നീട്ടണമെന്ന ആവശ്യം വിശദമായി പരിശോധിക്കാന്‍ റെയില്‍വെ ഡയറക്ടറേറ്റിന് നിർദ്ദേശം നല്‍കിയിതായി കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് എം.രാജഗോപാലന്‍ എം.എല്‍.എ.യെ അറിയിച്ചു. ഇതുള്‍പ്പെടെ റെയിൽവെയുമായി ബന്ധപ്പെട്ട ജില്ലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാ ക്കണം എന്നാവശ്യപ്പെട്ട് എം.എല്‍.എ. നല്‍കിയ നിവേദനത്തിലുള്ള മറുപടിയിലാണ് ആവശ്യം പരിഗണിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതായി അറിയിച്ചിട്ടുള്ളത്. നിലവിൽ കണ്ണൂരിനും മംഗളൂരുവിനും ഇടയിൽ ഒരു പാസഞ്ചർ ട്രെയിൻ മാത്രമേ സർവീസ് നടത്തുന്നുള്ളൂ, മാത്രമല്ല ഇത് ദിവസേന വളരെ തിരക്കേറി വരുന്നുമുണ്ട്. നൂറുകണക്കിന് ദിവസ വേതന തൊഴിലാളികൾ, സർക്കാർ ജീവനക്കാർ, വിദ്യാർത്ഥികൾ, വിവിധ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന രോഗികൾ എന്നിവരുടെ ഒരു ജീവിതമാർഗമാണ് ഈ ട്രെയിൻ. അടുത്തിടെ കോച്ചുകളുടെ എണ്ണം 14 ൽ നിന്ന് 11 ആയി കുറച്ചത് സ്ഥിതി കൂടുതൽ വഷളാക്കുകയും യാത്രയെ അത്യധികം അസ്വസ്ഥവും സുരക്ഷിതമല്ലാത്തതുമാക്കുകയും ചെയ്തതുള്‍പ്പെടെ എം.എല്‍.എ. നിവേദനത്തിലൂടെ മന്ത്രിയെ അറിയിച്ചിരുന്നു.ഷൊർണൂരിൽ നിന്ന് കണ്ണൂരിലേക്ക് ആരംഭിച്ച മെമ്മു സർവ്വീസ് കണ്ണൂർ സ്റ്റേഷനിൽ എല്ലാ ദിവസവും ഏകദേശം 9 മണിക്കൂർ വെറുതെ നിർത്തിയിടുകയാണ്. ഇത് മംഗളൂരുവിലേക്ക് നീട്ടിയാൽ വടക്കൻ കണ്ണൂരിലെയും കാസർകോടിലെയും ആയിരക്കണക്കിന് ആളുകൾ അടിസ്ഥാന ട്രെയിൻ കണക്റ്റിവിറ്റിയുടെ അഭാവംമൂലം നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്കാണ് പരിഹാരമാവുകയെന്നും എം. എൽ. എ പറഞ്ഞു.
