കാസര്‍കോട്: സംസ്ഥാനത്തെ ഏറ്റവും മികച്ച സഹകരണ ആശുപത്രി സംഘത്തിനുള്ള ഒന്നാം സമ്മാനം ലഭിച്ച കാസര്‍കോട് സഹകരണ ആശുപത്രി സംഘത്തെ കുമ്പള പൗരാവലി സ്വീകരിക്കുന്നു. 22ന് വൈകീട്ട് മൂന്നു മണിക്ക് കുമ്പളയില്‍ നടക്കുന്ന സ്വീകരണ പരിപാടി മന്ത്രി ഒആര്‍ കേളു ഉദ്ഘാടനം ചെയ്യും. എകെഎം അഷ്‌റഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ ഇ ചന്ദ്രശേഖരന്‍, എം രാജഗോപാലന്‍, എന്‍എ നെല്ലിക്കുന്ന്, സിഎച്ച് കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ഡി സുബ്ബണ്ണ ആള്‍വ, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍, സഹകരണ വകുപ്പ് പ്രതിനിധികള്‍, സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. ആശുപത്രി സംഘത്തിന് ലഭിച്ച മഹത്തായനേട്ടം ജില്ലയിലെ ജനങ്ങള്‍ക്കാകെയും ലഭിച്ച നേട്ടമാണെന്ന് പൗരാവലി ചെയര്‍പേഴ്‌സണ്‍ യുപി താഹിറ, ഡി സുബ്ബണ്ണ ആള്‍വ, സിഎ സുബേര്‍, അഷ്‌റഫ് കര്‍ള, വിവേകാനന്ദ ഷെട്ടി, നാസര്‍ മൊഗ്രാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 1990 ല്‍ ആരംഭിച്ച ആശുപത്രിക്ക് കീഴില്‍ മൂന്നു ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നു. കുമ്പള സഹകരണാശുപത്രി, ചെങ്കള ഇകെ നായനാര്‍ സ്മാരക സഹകരണാശുപത്രി, മുള്ളേരിയ കോഓപ്പറേറ്റിവ് മെഡിക്കല്‍ സെന്റര്‍ എന്നീ സ്ഥാപനങ്ങളിലായി 79 ഡോക്ടര്‍മാരും, 320 ജീവനക്കാരും സേവനമനുഷ്ടിക്കുന്നു. ആശുപത്രികളില്‍ ആധുനീക ചികില്‍സാ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. കോവിഡ് കാലത്ത് ആശുപത്രി നടത്തിയ സേവനങ്ങളെ ആരോഗ്യവകുപ്പ് പ്രശംസിച്ചിരുന്നു. 2021-22ലും, 22-23ലും മികച്ച സഹകരണ ആശുപത്രിക്കുള്ള മൂന്നാം സ്ഥാനവും എന്‍സിഡിസി അവാര്‍ഡും ജില്ലാ സഹകരണാശുപത്രിക്ക് ലഭിച്ചിട്ടുണ്ട്. പൗര സ്വീകരണ പരിപാടിയില്‍ മുഴുവന്‍ ജനങ്ങളെയും സംഘാടകര്‍ ക്ഷണിച്ചു.
