കാസർകോട്: അശ്ലീല വിഡിയോ കാട്ടി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 77 വർഷം കഠിന തടവും 2,09,000 രൂപ പിഴയും ശിക്ഷ. മുളിയാർ മല്ലം സ്വദേശി കോളംകോട് ഹൗസിലെ കെ.സുകുമാരനെ(45)യാണു ഹൊസ്‌ദുർഗ് അതിവേഗ സ്പെഷൽ കോടതി ജഡ്‌ജി പി.എം.സുരേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 2 വർഷവും 7 മാസവും അധിക തടവ് അനുഭവിക്കണം. 2023 ജൂൺ 25ന് ആണു കേസിനാസ്പദമായ സംഭവം. ആരുമില്ലാത്ത സമയം വീട്ടിലെത്തി അശ്ലീല വിഡിയോ കാട്ടി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
ആദൂർ പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്പെക്ടർ എ. അനിൽകുമാറാണ്. പ്രോസിക്യൂഷനു വേണ്ടി ഹൊസ്‌ദുർഗ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ ഗംഗാധരൻ ഹാജരായി.
