കൊച്ചി: ബിഗ് ബോസ് താരവും ഫിറ്റ്നസ് കോച്ചുമായ ജിന്റോയ്ക്കെതിരെ മോഷണക്കേസ്. ബോഡി ബില്‍ഡിങ് സെന്ററില്‍ മോഷണം നടത്തിയെന്നാണ് കേസ്. 10,000 രൂപയും വിലപ്പെട്ട രേഖകളും എടുത്തുകൊണ്ടുപോയതായാണ് പരാതിക്കാരി പറയുന്നത്. ജിന്റോ ജിമ്മില്‍ കയറുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. പരാതിക്കാരിയ്ക്ക് ലീസിന് നല്‍കിയ ജിമ്മിലാണ് മോഷണം നടന്നിരിക്കുന്നത്. പാലാരിവട്ടം പൊലീസാണ് താരത്തിനെതിരെ കേസെടുത്തത്. നേരത്തെ ജിന്റോയ്ക്കെതിരെ പീഡനപരാതി നല്‍കിയ യുവതിയാണ് ഇപ്പോള്‍ മോഷണക്കേസും നല്‍കിയിരിക്കുന്നത്. പീഡന കേസില്‍ ജിന്റോ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു. മുമ്പ് കഞ്ചാവ് കേസിലും ജിന്റോയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ജിന്റോയുമായുള്ള ബന്ധം കണ്ടെത്തുന്നത്. തുടര്‍ന്നായിരുന്നു ചോദ്യം ചെയ്തത്. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥിയായിരുന്നു ജിന്റോ. ഈ സീസണിലെ വിന്നറും ജിന്റോ ആയിരുന്നു. ബോഡി ബില്‍ഡിങ് രംഗത്ത് പ്രശസ്തനാണ് ജിന്റോ. ഫിറ്റ്നസ് കോച്ചിങും നല്‍കുന്ന ജിന്റോയ്ക്ക് സ്വന്തമായി ജിം ശൃംഖലയുമുണ്ട്.
