പയ്യന്നൂര്‍: സ്‌കൂട്ടര്‍ യാത്രികനെ തടഞ്ഞുനിര്‍ത്തി 2,05,400 രൂപ കവര്‍ന്ന കേസില്‍ 99,000 രൂപ കൂടി അന്വേഷണസംഘം കണ്ടെത്തി. തിങ്കളാഴ്ച പിടിയിലായ മൂന്നംഗസംഘത്തിലെ മുയ്യം മുണ്ടേരി സ്വദേശി മുഹമ്മദ് റിസ്‌വാന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പം പിടിയിലായ പട്ടുവം സ്വദേശി മുഹമ്മദ് അജ്മല്‍ (23), കരിമ്പം ഗവ. ആശുപത്രിക്ക് സമീപത്തെ മുഹമ്മദ് റുഫൈല്‍ (21) എന്നിവരില്‍ നിന്നായി 30,000 രൂപ നേരത്തെ പിടിച്ചെടുത്തിരുന്നു. ഇവര്‍ സഞ്ചരിച്ച രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തിരുന്നു. കേസില്‍ ഇനി തളിപ്പറമ്പ്, മന്ന സ്വദേശിയായ ജബീറിനെ (23) പിടികിട്ടാനുണ്ട്. തട്ടിയെടുത്ത പണത്തിലെബാക്കി ഇയാളുടെ കൈവശമാണെന്നാണ് പിടിയിലായവര്‍ പൊലീസിനു നല്‍കിയ മൊഴി.
പയ്യന്നൂര്‍ അമ്പലം-തെരു റോഡിലെ ഇടറോഡില്‍ വച്ച് ശനിയാഴ്ച രാത്രി 7.30 ഓടെയാണ് നാലംഗസംഘം ഗ്യാസ് ഏജന്‍സി ജീവനക്കാരനായ മഹാദേവഗ്രാമത്തിലെ സി.കെ.രാമകൃഷ്ണനെ (59) ആക്രമിച്ച് കയ്യിലുണ്ടായിരുന്ന പണമടങ്ങിയ ബാഗ് തട്ടിയെടുത്തത്
പിടിയിലായ പ്രതികളെ കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങിക്കും. സമാനമായ രീതിയില്‍ മറ്റ് തട്ടിപ്പുകള്‍ ഇവര്‍ നടത്തിയിട്ടുണ്ടോയെന്ന് സംശയമുണ്ട്.







