തളിപ്പറമ്പ്: നാടുകാണി കിന്‍ഫ്രയിലെ ശീതള പാനീയങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനത്തില്‍ യന്ത്രം പൊട്ടിത്തെറിച്ച് കമ്പി തലയില്‍ തറച്ചുകയറി ജീവനക്കാരനായ യുവാവ് മരിച്ചു. അസം അമ്പഗന്‍ നാഗോണ്‍ ബുര്‍ബന്ധയിലെ ആമിര്‍ ഹുസൈന്‍ (29)ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 4.30 ഓടെ എളമ്പേരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നാറ്റ ന്യൂട്രിക്കോ എന്ന സ്ഥാപനത്തിലാണ് അപകടം.
കുപ്പിയില്‍ ശീതള പാനീയങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണിത്. ജോലിക്കിടെ പാനിയങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സ്റ്റീമര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്റ്റീമര്‍ പൊട്ടിയതോടെ ആമിര്‍ ഹുസൈന്‍ തെറിച്ച് മതിലിലിടിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ മതിലിലുണ്ടായിരുന്ന ഇരുമ്പ് കമ്പി തലയില്‍ തുളച്ചുകയറി. അടുത്തുണ്ടായിരുന്ന ഒരു സ്ത്രീക്കും നിസാര പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ആമിറിനെ ഉടന്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. നിസാര പരിക്കേറ്റ സ്ത്രീയെ പരിയാരം മെഡി.കോളേജില്‍ എത്തിച്ച് ചികിത്സ നല്‍കുകയും ചെയ്തു. മാസങ്ങള്‍ക്ക് മുമ്പാണ് ആമിര്‍ ഹുസൈന്‍ സ്ഥാപനത്തില്‍ ജോലിക്കെത്തിയത്. ഇദേഹത്തിന്റെ സഹോദരങ്ങളും കമ്പിനിയില്‍ ജോലി ചെയ്യുന്നുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
