തളിപ്പറമ്പ്: കോടികള്‍ വിലവരുന്ന രണ്ട് കിലോ തൂക്കമുള്ള രത്‌നക്കല്ലും സാക്ഷ്യപത്രവും തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കണ്ണപുരം, ചെറുകുന്ന്, തെക്കുംമ്പാടിയിലെ കലേഷ് (36), ചെറുകുന്ന്, ആയിരം തെങ്ങിലെ പി പി രാഹുല്‍ (30) എന്നിവരാണ് തിങ്കളാഴ്ച ഉച്ചയോടെ അറസ്റ്റിലായത്. പി പി രാഹുലിനെ രക്തസമ്മര്‍ദ്ദം വര്‍ധിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2023 ജനുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം. പാലകുളങ്ങര തുമ്പിയോടന്‍ ഹൗസിലെ ടി കൃഷ്ണന്റെ കൈവശം ഉണ്ടായിരുന്ന അക്വമറൈന്‍ എന്ന രത്‌നക്കല്ലും ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നല്‍കിയ സാക്ഷ്യപത്രവും തട്ടിയെടുത്തുരക്ഷപ്പെട്ടുവെന്നാണ് കേസ്. 45 വര്‍ഷമായി തന്റെ കൈവശം ഉള്ള രത്‌നക്കല്ല് വില്‍പ്പന നടത്താന്‍ കൃഷ്ണന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇതറിഞ്ഞ കലേഷ്, ഇടനിലക്കാരനായി പ്രമുഖ ജ്വല്ലറി ഉടമകള്‍ രത്‌നക്കല്ല് വാങ്ങിക്കാന്‍ കൃഷ്ണനെ സമീപിച്ചിരുന്നു. പിന്നീട് കലേഷിനെ ഒഴിവാക്കി. ഇതോടെയാണ് കല്ല് തട്ടിയെടുക്കാന്‍ കലേഷ് പദ്ധതിയിട്ടത്. 2023 ജനുവരി ഏഴിന് മയ്യിലിലെ ബിജു എന്നയാള്‍ അറിയിച്ചത് അനുസരിച്ച് കൃഷ്ണന്‍ രത്‌നക്കല്ലും സര്‍ട്ടിഫിക്കറ്റുമായി തളിപ്പറമ്പ്, ലൂര്‍ദ്ദ് ആശുപത്രിക്കു സമീപത്തെത്തി. രത്‌നക്കല്ല് വാങ്ങാന്‍ എത്തിയ ആളുമായി കൃഷ്ണന്‍ സംസാരിച്ചു നില്‍ക്കവെ ബൈക്കിലെത്തിയ സംഘം ബാഗുതട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നാണ് കേസ്.
കൃഷ്ണന്റെ പരാതിയില്‍ അന്നു തന്നെ കേസെടുത്തിരുന്നുവെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല. ഡിവൈ എസ് പി കെ ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ ബാബുമോന്‍, എസ് ഐ ദിനേശന്‍ കൊതേരി എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടികൂടിയത്.
