കൊച്ചി: ഇഷാനിയെ കേട്ടിട്ടില്ലേ? നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകള്‍ ഇഷാനി പ്രശസ്ത നടന്‍ ജയറാമും അദ്ദേഹത്തിന്റെ മകന്‍ കാളിദാസ് ജയറാമിനുമൊപ്പം അഭിനയിക്കുന്നു.
ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ‘ആശകള്‍ ആയിരം’ എന്ന ചിത്രത്തിന്റെ പൂജയില്‍ കാളിദാസും ഇഷാനിയും ചേര്‍ന്നു നിലവിളക്കില്‍ തിരിതെളിക്കുന്ന ദൃശ്യം പുറത്തുവന്നു. സമൂഹമാധ്യമങ്ങള്‍ക്കു ഇതില്‍പ്പരം എന്താണ് വേണ്ടത്. അവരിതു മഹോത്സവമാക്കിക്കഴിഞ്ഞു. അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാറിന്റെ മക്കള്‍. ഇവര്‍ കുടുംബസമേതം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
മമ്മൂട്ടി ചിത്രമായ ‘വണ്‍’ ആണ് ഇഷാനിയുടെ ആദ്യ ചിത്രം. ജയറാമും മകന്‍ കാളിദാസ് ജയറാമുമാണ് പ്രധാന നടന്മാര്‍. പോരാത്തതിന് ജയറാമിന്റെ നായികയായി ആശാ ശരതും എത്തുന്നു. കാളിദാസ് നായകനാവും മുമ്പു ജയറാമുമായിച്ചേര്‍ന്നു കൊച്ചു കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തില്‍ അച്ഛനും മകനുമായി അഭിനയിച്ചിരുന്നു. പിന്നീട് സിബിമലയിലിന്റെ എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലും ഇവര്‍ അച്ഛനും മകനുമായി അഭിനയിച്ചു. ഇതിലെ അഭിനയത്തിനു കാളിദാസിനു മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡും ലഭിച്ചു.
ജി. പ്രജിത്താണ് ആശകള്‍ ആയിരം സംവിധാനം ചെയ്യുന്നത്. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേര്‍ന്ന് കഥയെഴുതി. ക്യാമറാമാന്‍ ഷാജി കുമാര്‍.
