കണ്ണൂര്‍: ആടിനെ വില്‍ക്കാനുണ്ടെന്ന ഫെയ്‌സ് ബുക്ക് പോസ്റ്റ് കണ്ട് വിളിച്ച വിവാഹിതയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങിയ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പ് എരുവേശി തുരുത്തേല്‍ വീട്ടില്‍ അഖില്‍ അശോകനെ(27) യാണ് അടൂര്‍ പൊലീസ് വീട്ടിലെത്തി പിടികൂടിയത്. കഴിഞ്ഞ മേയിലാണ് പീഡന സംഭവം. ഭര്‍ത്താവ് മരണപ്പെട്ട രണ്ടു കുട്ടികളുള്ള യുവതിയെയാണ് അഖില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്.
അഖില്‍ അശോകന്‍ ആടുവില്‍പ്പനയുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കില്‍ തന്റെ നമ്പര്‍ സഹിതം പോസ്റ്റിട്ടിരുന്നു. ഇതു കണ്ട യുവതി ഈ നമ്പരില്‍ വിളിച്ചു. ഈ പരിചയം പിന്നീട് സൗഹൃദമായി. വിവാഹം ചെയ്തുകൊള്ളാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച അഖില്‍ അടൂരിലെത്തി യുവതിയെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അതിനിടെ യുവതി ഗര്‍ഭിണിയായതോടെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചു. ഗര്‍ഭനിരോധിത ഗുളികകള്‍ യുവതിക്ക് നല്‍കി ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ അഖില്‍ യുവതിയെ ഒഴിവാക്കാന്‍ ശ്രമം തുടങ്ങി. പിന്നീട് യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. അടൂര്‍ എസ്എച്ച്ഒ ശ്യാം മുരളിയുടെ നേതൃത്വത്തില്‍ പൊലീസെത്തി അഖിലിനെ പിടികൂടി.
