കാസർകോട്: തെരുവുനായ ശല്യം മഹാവിപത്തായിട്ടും ഒന്നരക്കോടി രൂപ ചെലവിൽ മുളിയാർ പഞ്ചായത്തിലെ ബോവിക്കാനത്ത് സ്ഥാപിച്ച എ. ബി. സി കേന്ദ്രം നോക്കു കുത്തിയായി അടച്ചിട്ടിരിക്കുന്നു. സംസ്ഥാന സർക്കാരും മൃഗസംരക്ഷണ വകുപ്പും ജില്ലാ പഞ്ചായത്തും ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളും ചേർന്നാണ് ഒന്നരക്കോടി രൂപ ചെലവിൽ അത്യാധുനിക സംവിധാനങ്ങളോടെ എ.ബി.സി. കേന്ദ്രം സ്ഥാപിച്ചത്. തെരുവ് നായ്ക്കളെ വന്ധീകരിക്കാനുള്ള സൗകര്യങ്ങളോടെയാണ് ഈ കേന്ദ്രം സ്ഥാപിച്ചത്. എബിസി കേന്ദ്രത്തിന്റെ ഉദ്ഘാടനവും മാസങ്ങൾക്ക് മുമ്പ് കഴിഞ്ഞിരുന്നു. എന്നാൽ കേന്ദ്രത്തിന് അനുമതി നൽകേണ്ട കേന്ദ്ര സർക്കാർ ഇതുവരെ അനുമതി നൽകിയില്ല. അതിനു ചുമതലപ്പെട്ട കേന്ദ്ര സർക്കാർ ജീവനക്കാർ ഇതുവരെ എ ബി.സി.കേന്ദ്രത്തിൽ എത്തുകയോ അതിലെ സംവിധാനങ്ങൾ പരിശോധിക്കുകയോ ചെയ്തിട്ടില്ല. കേന്ദ്രസർക്കാർ അനുമതി നൽകാത്തതിനാൽ അനിവാര്യമായ ഈ കേന്ദ്രം തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയാതായിരിക്കുന്നു. നാടാകെ തെരുവ് നായ്ക്കൾ ഭീതി പരത്തുമ്പോഴും ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുക്കാത്ത അധികൃത നിലപാടിനെതിരെ സിപിഐ മുളിയാർ ലോക്കൽ കമ്മിറ്റി എ.ബി.സി.സെൻ്ററിലേക്കു മാർച്ചും ധർണയും ആഹ്വാനം ചെയ്തു. 21ന് രാവിലെ നടക്കുന്ന പ്രതിഷേധം സിപിഐ സംസ്ഥാന കൗൺസിൽ അംഗം ടി. കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
