കണ്ണൂര്‍: ആറ്റടപ്പയില്‍ വന്‍ ലഹരി വേട്ട. വീട്ടില്‍ വില്‍പനക്ക് സൂക്ഷിച്ച എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും എടക്കാട് പൊലീസ് പിടികൂടി. ലോറി ഡ്രൈവറായ ആറ്റടപ്പ സ്വദേശി പി.പി വിഷ്ണുവി(23)നെ പൊലിസ് അറസ്റ്റ് ചെയ്തു. 141.4 ഗ്രാം എംഡിഎംഎയും 21.61 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് ഇയാളുടെ വീട്ടില്‍ നിന്ന് പിടികൂടിയത്. ബംഗളൂരില്‍ നിന്നുമെത്തിച്ച ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എ യുമാണ് ഇയാള്‍ അതീവ രഹസ്യമായി നാട്ടിലെത്തിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി ഇയാള്‍ മയക്കുമരുന്ന് വില്‍പ്പന നടത്തി വരികയാണ്. 20 വയസ് പ്രായമുള്ള യുവാക്കളാണ് ഇര. കണ്ണൂര്‍ ടൗണ്‍, ചക്കരക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളിലാണ് ഇയാള്‍ മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നത്. വാട്‌സ്ആപ്പ് വഴിയാണ് ആവശ്യക്കാരുമായി ബന്ധപ്പെട്ടിരുന്നത്. നേരിട്ട് നോട്ടുകളായാണ് വിഷ്ണു പണം സ്വീകരിച്ചിരുന്നത്. യുവാവിന്റെ അടിച്ചുപൊളി ജീവിതം കണ്ട് നാട്ടുകാരില്‍ സംശയം ഉണര്‍ത്തിയിരുന്നു.
ഇയാള്‍ സി.ഡി.എം നിരന്തരം ഉപയോഗിച്ചു പണം അയക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പൊലിസ് നിരീക്ഷണമാരംഭിച്ചത്. ഇടയ്ക്കിടെ വീട്ടിലും നാട്ടില്‍ സുഹൃത്തുക്കളോടും പറയാതെ ഇയാള്‍ ബംഗളൂരിലേക്ക് മുങ്ങുമായിരുന്നു. ബംഗളൂരിലെ മൊത്ത വിതരണക്കാരില്‍ നിന്നാണ് ഇയാള്‍ മയക്കുമരുന്ന് വാങ്ങിയിരുന്നത്. ഇതു നേരിട്ടു തന്നെയാണ് പലയിടങ്ങളിലും ടിപ്പര്‍ ലോറി നിര്‍ത്തിയിട്ടും ബൈക്കിലെത്തിയും കൈമാറിയിരുന്നത്. ഇതിന് കൈയ്യോടെ പണം ലഭിച്ചിരുന്നു. ആദ്യം ചെറിയ തോതില്‍ രാത്രികാലങ്ങളില്‍തുടങ്ങിയ ലഹരി കച്ചവടം പിന്നീട് പൊടിപൊടിക്കുകയായിരുന്നു. ഇയാളുടെ വീട്ടിന് സമീപത്ത് അപരിചിതരായ യുവാക്കള്‍ നിരന്തരം വന്നു പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
സിറ്റി പോലീസ് കമ്മീഷണര്‍ പി. നിധിന്‍ രാജിന്റെയും എസിപി പ്രദീപന്‍ കണ്ണിപ്പൊയിലിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് എടക്കാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.വി ബിജുവും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തത്.
