കണ്ണൂര്‍: കുവൈത്തിലെ വിഷ മദ്യ ദുരന്തത്തിൽ മരിച്ചവരിൽ 6 മലയാളികളും. അതിൽ കണ്ണൂര്‍ സ്വദേശിയായ യുവാവിന്റെ മരണം സ്ഥിരീകരിച്ചു. കണ്ണൂര്‍ ഇരിണാവ് സ്വദേശി പി സച്ചിന്‍(31) ആണ് മരിച്ചത്. നാലു വർഷം മുൻപാണ് സച്ചിൻ കുവൈത്തിലെത്തിയത്. സച്ചിൻ മരിച്ചതായി കുടുംബാംഗങ്ങള്‍ക്ക് വിവരം ലഭിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങൾ തുടങ്ങിയതായി ബന്ധുക്കൾ പറഞ്ഞു. കുവൈത്തിലടക്കം സന്നദ്ധ പ്രവര്‍ത്തനങ്ങളിൽ സച്ചിൻ സജീവമായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് മധ്യ ദുരന്തം നടന്നത്. മെഥനോൾ കലർന്ന പാനീയങ്ങൾ കഴിച്ചതിന് പിന്നാലെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ 63 പേർക്ക് വിഷബാധയേറ്റിരുന്നു. 13 പേര്‍ ദുരന്തത്തിൽ മരിച്ചതായി എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.മരിച്ചവരിൽ ആറുപേര്‍ മലയാളികളാണെന്നാണ് അനൗദ്യോഗിക വിവരം. വിഷമദ്യദുരന്തത്തിൽ 21 പേർക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില ഗുരുതരമായി തുടരുകയുമാണ്. അതേസമയം, കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തിൽ ചിലർ കസ്റ്റഡിയിലായതായും സൂചനയുണ്ട്. അനധികൃത മദ്യ നിർമ്മാണവും വിൽപ്പനയുമായി ബന്ധമുള്ള ഏഷ്യക്കാരായ പ്രവാസികളാണ് കസ്റ്റഡിയിലായത്. രാജ്യത്തെ അനധികൃത മദ്യനിർമ്മാണ കേന്ദ്രങ്ങൾക്കെതിരെ വിവരം ശേഖരിച്ച് നടപടി തുടങ്ങിയിരിക്കുകയാണ് കുവൈത്ത്. വ്യാജ മദ്യം നിർമ്മിച്ച 52 പേരാണ് ജൂലൈ 24ന് മാത്രം പിടിയിലായത്. കുവൈത്ത് വിഷമദ്യ ദുരത്തിൽ 40 ഇന്ത്യക്കാര്‍ ചികിത്സയിലുള്ളതായി ഇന്ത്യൻ എംബസി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ജിലീബ് അൽ ഷുയൂഖ് ബ്ലോക്ക് നാലിൽനിന്ന് വാങ്ങിയ മദ്യം കഴിച്ച അഹ്മദിയ, ഫർവാനിയ ഗവർണറേറ്റുകളിലുള്ളവരാണു ദുരന്തത്തിനിരയായത്. മദ്യനിരോധനമുള്ള കുവൈത്തിൽ വ്യാജമദ്യം നിർമിച്ചു വിതരണം ചെയ്തവരുടെ വിവരങ്ങൾ അധികൃതർ ശേഖരിക്കുന്നുണ്ട്.ഒരേ സ്ഥലത്തു നിന്ന് മദ്യം സംഘടിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി കഴിച്ചവർ കഴിഞ്ഞ ഞായറാഴ്ച മുതലാണ് ചികിത്സ തേടി ആശുപത്രികളിൽ എത്തിത്തുടങ്ങിയത്. ലേബർ ക്യാംപുകൾ അധികമുള്ള ദുരന്തമുണ്ടായത്. കഴിഞ്ഞ മേയിലും വിഷമദ്യം കഴിച്ച് 2 നേപ്പാൾ സ്വദേശികൾ ഇവിടെ മരിച്ചിരുന്നു. സച്ചിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കുമെന്നു ബന്ധുക്കൾ അറിയിച്ചു. പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം, ശനിയാഴ്ച രാവിലെ 8നു വീട്ടിലെത്തിക്കും. സംസ്കാരം പിന്നീട്. ഭാര്യ ഷിബിന (ഹുസ്ന ഡ്രൈവിങ് സ്കൂൾ, വളപട്ടണം). മകൾ സിയ. ഇരിണാവ് സിആർസിക്കു സമീപം പൊങ്കാരൻ മോഹനന്റെയും ഗിരിജയുടെയും മകനാണ്. സഹോദരൻ സരിൻ (ഗൾഫ്).
