ന്യൂഡെൽഹി: ഡെൽഹി നിസാമുദീനിലുള്ള ഹുമയൂൺ ശവകുടീരത്തിനടുത്തെ ദർഗ്ഗയുടെ മതിൽ ഇടിഞ്ഞു വീണു അഞ്ചു പേർ മരിച്ചു. ഇമാം ഉൾപ്പെടെ അഞ്ചു പേർ ഡൽഹി എയിംസ് ട്രോമാ സെൻ്ററിൽ ചികിത്സയിലാണ് . വെള്ളിയാഴ്ച പ്രാർത്ഥനക്കു ആളുകൾ ദർഗ്ഗയിലെത്തിയിരുന്നു. ഈ സമയത്തുണ്ടായ ശക്തമായ മഴയിൽ ആളുകൾ അടുത്തുള്ള മുറിയിലേക്കു ഓടിക്കയറുകയായിരുന്നെന്നു പറയുന്നു. ഈ മുറിയുടെ മതിലാണ് തകർന്നത്. ശവകുടീരത്തിൻ്റെ താഴികക്കുടത്തിൻ്റെ ഒരു ഭാഗവും തകർന്നിട്ടുണ്ടെന്നു പൊലീസ് വെളിപ്പെടുത്തി. വെളിയാഴ്ച വൈകിട്ടു നാലു മണിയോടെയാണ് വിവരം പൊലീസിനു ലഭിച്ചത്.പാഞ്ഞെത്തിയ പൊലീസ് സംഘം തകർന്ന കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടന്ന 12 പേരെ പുറത്തെടുത്തു. ഇവരെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവരിൽ അഞ്ചു പേരാണ് മരിച്ചത്. പൊലീസ് വിവരം കൈമാറിയതിനെ ത്തുടർന്നു ഡെൽഹി ഫയർ ഫോഴ്സും എൻ . ഡി ആർ എഫും ദുരന്ത നിവാരണ അതോറിറ്റിയും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. 16-ാം നൂറ്റാണ്ടിൽ നിർമ്മിച്ചാണ് ഹുമയൂൺ ശവ കുടീരം. ദർഗക്കടുത്തുള്ള ചെറിയൊരു മുറിയും തകർന്നിട്ടുണ്ട്. ഹുമയൂൺ ശവകുടീരം തലസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. ഇൻഡ്യയിലും വിദേശത്തുനിന്നുമുള്ള നിരവധി വിനോദസഞ്ചാരികൾ ദിവസവും ഇവിടെ എത്താറുണ്ട്. ഹുമയൂൺ ശവകുടീരത്തിനു കേടുപാടു സംഭവിച്ചിട്ടില്ലെന്നും എന്നാൽ ശവകുടീരത്തിനടുത്തു നിർമ്മാണത്തിലുള്ള കെട്ടിടം ഭാഗികമായി തകർന്നിട്ടുണ്ടെന്നും അധികൃതർ വെളിപ്പെടുത്തി. ആർക്കിയോളജി സർവെ ഓഫ് ഇൻഡ്യയുടെയും ഖാൻ ട്രസ്റ്റ് ഫോർ കൾചറിൻ്റെയും നിയന്ത്രണത്തിലാണ് ഹുമയൂൺ ശവകുടീര സമുച്ചയം.
