ആലപ്പുഴ: മദ്യലഹരിയിൽ അച്ഛനെയും അമ്മയെയും മകന്‍ കുത്തിക്കൊന്നു. തങ്കരാജ്(70), ഭാര്യ ആഗ്നസ് (65)എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ ബാബുവി(46)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.ആലപ്പുഴ പോപ്പി പാലത്തിന് സമീപമാണ് സംഭവം. ബാബു ലഹരിക്ക് അടിമയാണെന്നാണ് പൊലീസിന്‍റെ നിഗമനം. അമ്മയെയും അച്ഛനെയും കുത്തിക്കൊലപ്പെടുത്തിയതിന് ശേഷം ബാബു ഓടിരക്ഷപ്പെട്ടെങ്കിലും പൊലീസ് ബാറിൽ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇറച്ചിവെട്ടുകാരനായ ബാബു ഇപ്പോൾ മറ്റൊരു കടയിൽ ജോലി ചെയ്തു വരികയായിരുന്നു. കൊലപാതക ശേഷം സഹോദരിയെയും നാട്ടുകാരെയും ബാബുവാണ് വിവരമറിയിച്ചത്. വ്യാഴാഴ്ച രാത്രി മാതാപിതാക്കളോട് പണം ചോദിച്ചിരുന്നു. കയ്യിൽ ഒന്നുമില്ലെന്നു പറഞ്ഞെപ്പോൾ പ്രകോപിതനായി മാതാപിതാക്കളെ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ പതിവായി ബഹളവും മറ്റും കേൾക്കാറുള്ളതിനാൽ അയൽവാസികൾ കാര്യമാക്കിയില്ല. കുത്തിയ ശേഷം സമീപത്തെ വീട്ടിലെത്തി താൻ രണ്ടുപേരെയും വകവരുത്തിയെന്നും ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിയിൽ എത്തിക്കണമെന്നും പറഞ്ഞു സ്ഥലം വിടുകയായിരുന്നു.
