കൊച്ചി: ദേശീയപാതയിലെ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കരുതെന്ന ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് ഉത്തരവ്. ദേശീയ പാതയോരങ്ങളിലെ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാം. സുരക്ഷാവീഴ്ചയുണ്ടെങ്കില്‍ മാത്രമേ ഉപയോഗം തടയാവുവെന്നും ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, പെട്രോള്‍ പമ്പിലെ ശുചിമുറികളില്‍ തദ്ദേശസ്ഥാപനങ്ങളുടെ ബോര്‍ഡ് വെക്കരുതെന്നും കോടതി നിര്‍ദേശിച്ചു. വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ വരുന്ന ഉപഭോക്താക്കൾക്ക് മാത്രമായി പമ്പിലെ ശുചിമുറികൾ പരിമിതപ്പെടുത്തണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. പെട്രോൾ പമ്പുകളുടെ സുരക്ഷ മുൻനിർത്തിയാണ് ഉത്തരവ്. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഉപഭോക്താക്കള്‍ക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാനാകൂ എന്നായിരുന്നു നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്. ഇതിലാണ് ഭേദഗതി വരുത്തിയത്. പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ നല്‍കിയ റിട്ട് ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.
പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് നേരത്തെ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരുന്നു. ദേശീയപാതകളിലെ പെട്രോൾ പമ്പുകൾ തുറന്നിരിക്കുന്ന സമയത്തെല്ലാം പൊതുജനങ്ങൾക്ക് അവിടുത്തെ ശുചിമുറി ഉപയോഗിക്കാം. അല്ലാത്ത സ്ഥലങ്ങളിൽ ഇന്ധനം അടിക്കാനെത്തുന്നവർക്കും വാഹന യാത്രക്കാർക്കും ഈ സൗകര്യം ഉണ്ടായിരിക്കണം. സുരക്ഷാ പ്രശ്നങ്ങളില്ലെങ്കിൽ ഇത്തരത്തിലുള്ള ശുചിമുറി ഉപയോഗം പമ്പുടമകൾ തടയരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

E pravadiyam ldf sorkar totte pattu