കൊച്ചി: കാസർകോട് കുമ്പള ആരിക്കാടിയിൽ ദേശീയപാത അതോറിറ്റിയുടെ ടോൾ ബൂത്ത് നിർമ്മാണം നടത്താം. ആക്ഷൻ കമ്മിറ്റി അടക്കമുള്ളവരുടെ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എൻ. നഗരേഷ് ആണ് ഹർജി തള്ളിയത്. കേന്ദ്രസർക്കാറിന്റെ അനുമതിയോടു കൂടിയാണ് ടോൾ ഗേറ്റ് നിർമ്മിക്കുന്നതെന്ന
ദേശീയപാത അതോറിറ്റി അധികൃതരുടെ വാദം കോടതി അംഗീകരിച്ചു. ഇനി നിർമ്മാണ പ്രവർത്തനങ്ങൾ തുടരാമെന്ന് കോടതി ഉത്തരവിട്ടു. അതേസമയം വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീലിന് പോകുമെന്ന് ആക്‌ഷൻ കമ്മിറ്റി അംഗം കൂടിയായ അഷ്‌റഫ് കർളെ പറഞ്ഞു.
ആക്‌ഷൻ കൗൺസിലിനുവേണ്ടി കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള നൽകിയ ഹർജിയിൽ ഒരു മാസത്തേക്കു തൽസ്ഥിതി തുടരാൻ ഹൈക്കോടതി മൂന്നുമാസം മുമ്പ് മ ഉത്തരവിട്ടിരുന്നു. 1964ലെ നാഷനൽ ഹൈവേ നിയമപ്രകാരം ഒരു ടോൾ പ്ലാസ കഴിഞ്ഞു 60 കിലോമീറ്റർ ദൂരത്തേ മറ്റൊന്നു പാടുള്ളൂവെന്ന ദേശീയപാത ചട്ടത്തിലെ വ്യവസ്ഥ ലംഘിച്ചതായി ഹർജിയിൽ ആരോപിച്ചിരുന്നു.. തലപ്പാടിയിൽ ഇപ്പോൾതന്നെ ടോൾ ബൂത്ത് ഉള്ളതിനാൽ കുമ്പളയിലേത് നിയമ വിരുദ്ധമെന്നായിരുന്നു പരാതി. കുമ്പളയിൽ നിന്നു 20 കിലോ മീറ്റർ മാത്രം ദൂരെ തലപ്പാടിയിൽ മറ്റൊരു ടോൾ പിരിവ് കേന്ദ്രം പ്രവർത്തിക്കുമ്പോൾ കുമ്പളയിലേത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അഡ്വ. സജിൽ ഇബ്രാഹിം മുഖേനയാണു ഹർജി നൽകിയത്.
