കാസർകോട്: സ്വാതന്ത്ര്യദിന അവധിയുടെ യാത്രാത്തിരക്ക് പരിഗണിച്ച് മംഗളൂരുവിൽ നിന്ന് ഷൊർണൂരിലേക്ക് വ്യാഴാഴ്ച ഒരു സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. ഇന്ന് വൈകിട്ട് ആറ് മണിക്ക് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന മംഗളൂരു-ഷൊർണൂർ ജംഗ്ഷൻ വൺവേ സ്പെഷ്യൽ ട്രെയിൻ(06131) രാത്രി ഒരു മണിക്ക് ഷൊർണൂരിലെത്തും. കാസർകോട്(6.36), കാഞ്ഞങ്ങാട്(7.04), നീലേശ്വരം(7.13), ചെറുവത്തൂർ(7.20), പയ്യന്നൂർ(7.31), പഴയങ്ങാടി(7.44), കണ്ണൂർ(8.17), തലശേരി(8.38), മാഹി(8.49), വടകര(9.04), കൊയിലാണ്ടി(9.24), കോഴിക്കോട്(9.52), ഫറൂഖ്(10.09), തിരൂർ(10.38), കുറ്റിപ്പുറം(10.59) എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്. അഞ്ച് ചെയർകാർ, 13 ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, രണ്ട് സെക്കൻഡ് ക്ലാസ് കം ബ്രേക്ക് വാൻ കോച്ച് എന്നിവയാണ് ട്രെയിനിലുള്ളത്. സ്വാതന്ത്ര്യദിനത്തിനൊപ്പം ശനി, ഞായർ അവധി കൂടി വരുന്നതിനാൽ ഇന്ന് വൻ യാത്രാത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ കേരളത്തിൽ കൂടി സർവീസ് നടത്തുന്ന നാല് ട്രെയിനിൽ ഈ ദിവസങ്ങളിൽ അധിക കോച്ചുകളും അനുവദിച്ചിട്ടുണ്ട്. അതേ സമയം സ്വാതന്ത്ര്യദിന അവധി ദിവസങ്ങളിൽ തിരക്ക് ഒഴിവാക്കാൻ മംഗളൂരു ജങ്ഷനും തിരുവനന്തപുരം നോർത്തിനും ഇടയിൽ പ്രത്യേക ട്രെയിനുകൾ കൂടി സർവിസ് നടത്തും. ട്രെയിൻ നമ്പർ 06041 മംഗളൂരു ജങ്ഷൻ-തിരുവനന്തപുരം നോർത്ത് ദ്വൈവാര സ്പെഷൽ എക്സ്പ്രസ് 14, 16 തീയതികളിൽ രാത്രി 7.30ന് മംഗളൂരു ജങ്ഷനിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ എട്ടിന് തിരുവനന്തപുരം നോർത്തിൽ എത്തും.ട്രെയിൻ നമ്പർ 06042 തിരുവനന്തപുരം നോർത്ത്-മംഗളൂരു ജങ്ഷൻ ദ്വൈവാര സ്പെഷൽ എക്സ്പ്രസ് 15, 17 തീയതികളിൽ വൈകീട്ട് 5.15ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.30ന് മംഗളൂരു ജങ്ഷനിലും എത്തിച്ചേരും.
