കൊല്‍ക്കത്ത: ബംഗാളി നടി ബസന്തി ചാറ്റര്‍ജി അന്തരിച്ചു. 88 വയസായിരുന്നു. ഏറെ നാളുകളായി കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. ചൊവ്വാഴ്ച രാത്രി കൊല്‍ക്കത്തയിലെ വീട്ടില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ നൂറിലധികം ചിത്രങ്ങളില്‍ ബസന്തി ചാറ്റര്‍ജി അഭിനയിച്ചിട്ടുണ്ട്. നാടകങ്ങളിലൂടെയാണ് സിനിമയിലെത്തുന്നത്.
തഗിണി, മഞ്ജരി ഓപ്പറ, അലോ തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഭൂതു, ബോറോണ്‍, ദുര്‍ഗ്ഗ ദുര്‍ഗേശരി തുടങ്ങിയ ജനപ്രിയ ടെലിവിഷന്‍ സീരിയലുകളിലും നടി അഭിനയിച്ചിട്ടുണ്ട്. നടി അവസാനമായി അഭിനയിച്ചത് ‘ഗീത എല്‍എല്‍ബി’ എന്ന സീരിയലിലാണ്. ഈ പരമ്പരയുടെ ചിത്രീകരണത്തിനിടെ ബസന്തി ചാറ്റര്‍ജിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സോഷ്യല്‍ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തി.
