കാസർകോട്: നഷ്ടപ്പെട്ടെന്ന് കരുതിയ നാലു പവൻ സ്വർണ്ണ മാല വീട്ടുവരാന്തയിൽ. ഒപ്പം ഒരു കത്തും. പൊയിനാച്ചി പറമ്പിലെ റിട്ട. റവന്യൂ ഉദ്യോഗസ്ഥന്‍ ദാമോദരന്റെ ഭാര്യ ഗീതയുടെ മാലയാണ് 10 ദിവസം മുമ്പ് ബസ്സിൽ വച്ച് നഷ്ടമായത്. മോഷ്ടിക്കപ്പെട്ടതാണോ, നഷ്ടപ്പെട്ടതാണോ എന്നറിയില്ല. മാല കണ്ടപ്പോൾ തിരികെ എത്തിച്ച ആളുടെ നല്ല മനസ്സിനെ കുറിച്ചാണ് വീട്ടുകാർ ചിന്തിച്ചത്. മാലക്കൊപ്പം കിട്ടിയ കത്തിൽ ഇങ്ങനെ പറയുന്നു, ‘ഈ മാല എന്റെ കൈയില്‍ കിട്ടിയിട്ട് ഇന്നേക്ക് 9 ദിവസമായി. ആദ്യം സന്തോഷിച്ചു എന്നാല്‍ കൈയില്‍ എടുക്കുന്തോറും നെഗറ്റീവ് ഫീലിങ്, ഒരു വിറയല്‍പിന്നെ കുറേ ആലോചിച്ചു എന്ത് ചെയ്യണംവാട്‌സാപില്‍ മെസേജ് കണ്ടു കെട്ടു താലിയാണ്പിന്നെ തീരുമാനിച്ചു വേണ്ട ആരാന്റെ മുതല്‍ വേണ്ടാന്ന്അങ്ങിനെ വിലാസം കണ്ടുപിടിച്ചു. ഞാന്‍ എന്നെ പരിചയപ്പെടുത്തുന്നില്ലഇത്രയും ദിവസം മാല കൈയില്‍ വെച്ചതിന് മാപ്പ് വേദനിപ്പിച്ചതിനുംമാപ്പ്……..’ കത്തിന് താഴെ സ്ഥല നാമമായ കുണ്ടംകുഴി എന്നും എഴുതിയിട്ടുണ്ട്. ഈ മാസം നാലിന് വൈകിട്ട് ബസ് യാത്രക്കിടയാണ് മാല നഷ്ടപ്പെട്ടത്. തുടർന്ന് മേൽപറമ്പ് പൊലീസിൽ പരാതിയും നൽകി. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ സന്ദേശവും ഷെയർ ചെയ്തു. മാലയുടെ ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയയില്‍ ദാമോദരന്‍ പരസ്യപ്പെടുത്തിയത്. മാലയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് മാലയും കത്തും ചൊവ്വാഴ്ച രാവിലെ വീട്ടു വരാന്തയില്‍ പ്രത്യക്ഷപ്പെട്ടത്. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ മാല നഷ്ടപ്പെട്ട കാര്യം ഷെയര്‍ ചെയ്തതിനാലാണ് നഷ്ടപ്പെട്ട ഞങ്ങളുടെ സ്വർണ്ണമാല തിരികെ ലഭിച്ചതെന്നു വീട്ടുകാർ പറയുന്നു. അജ്ഞാതനായ ആ സുഹൃത്തിന് സര്‍വ്വേശ്വരന്‍ നല്ലത് വരുത്തട്ടേയെന്ന് നന്ദി അറിയിച്ച് ദാമോദരൻ ഗ്രൂപ്പുകളിൽ സന്ദേശം പോസ്റ്റ് ചെയ്തു. അതേസമയം മാല കവർന്നതാണോ, കളഞ്ഞു കിട്ടിയതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്തായാലും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ച സന്ദേശം ലഭിച്ച ആളുടെ ഉള്ളിൽ തട്ടിയിട്ടുണ്ടാവും. അങ്ങനെ മാല തിരികെ വീട്ടിലെത്തിച്ചു.
