തിരുപ്പൂര്‍: എംഎല്‍എയുടെ ഫാം ഹൗസില്‍ തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘട്ടനം അന്വേഷിക്കാനെത്തിയ സ്‌പെഷല്‍ ഗ്രേഡ് സബ് ഇന്‍സ്‌പെക്ടറെ വെട്ടിക്കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു. സ്പെഷ്യല്‍ സബ് ഇന്‍സ്പെക്ടര്‍ (എസ്എസ്ഐ) എം ഷണ്‍മുഖവേലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ മണികണ്ഠനെ(30)യാണ് പൊലീസ് തെളിവെടുപ്പിനിടെ വെടിവച്ചുകൊന്നത്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി അക്രമത്തിന് ശ്രമിക്കുമ്പോള്‍ പൊലീസ് വെടിവെക്കുകയായിരുന്നുവെന്നാണ് വിവരം. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനായി പൊലീസ് മണികണ്ഠനെ കൊണ്ടുപോകുമ്പോഴാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രതിയുടെ ആക്രമണത്തില്‍ പൊലീസുകാരന് പരുക്കേറ്റിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രിയാണ് പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊലപ്പെടുത്തിയത്. എഐഎഡിഎംകെ നിയമസഭാംഗമായ മഹേന്ദ്രന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ എസ്റ്റേറ്റില്‍ ജോലി ചെയ്തിരുന്ന മൂര്‍ത്തിയും അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കളായ മണികണ്ഠനും തങ്കപാണ്ടിയും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഇതേ തുടര്‍ന്നാണ് എസ്എസ്ഐ എം ഷണ്‍മുഖവേലുവും സംഘവും സ്ഥലത്തെത്തിയത്. മൂവരും ചേര്‍ന്ന് ഷണ്‍മുഖവേലിനെ വടിവാള്‍ കൊണ്ട് ആക്രമിച്ചു. വെട്ടേറ്റ ഷണ്‍മുഖവേല്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഒപ്പമെത്തിയിരുന്ന വാഹന ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു. വിവരത്തെ തുടര്‍ന്ന് കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും പ്രതികളെല്ലാം രക്ഷപ്പെട്ടിരുന്നു. രക്ഷപ്പെട്ട പ്രതികളെ പിടികൂടാന്‍ അഞ്ച് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിരുന്നു. ഷണ്‍മുഖവേലിന്റെ കുടുംബത്തിനു മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തി.
