മംഗളൂരു: ധർമ്മസ്ഥലയില്‍ കൊലപ്പെട്ട സൗജന്യയുടെ അമ്മാവൻ വിഠൽ ഗൗഡയുടെ വാഹനം തകർത്തു. ധർമ്മസ്ഥല ട്രസ്റ്റിനെ അനുകൂലിക്കുന്ന ആ ളുകളാണ് വാഹനം തകർത്തത്. ബുധനാഴ്ച വൈകിട്ട് നാല് മാധ്യമപ്രവർത്തകരെ ആക്രമിച്ചതിന് പിന്നാലെ ഉണ്ടായ സംഘർഷത്തിൽ ആയിരുന്നു വാഹനം തകര്‍ത്തത്. വാഹനത്തിന്‍റെ ചില്ലുകൾ തകർക്കുകയും, സീറ്റുകൾ കുത്തിക്കീറുകയും ചെയ്തിട്ടുണ്ട്. 2012 ലാണ് ധർമ്മസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി 17കാരിയായ സൗജന്യ കൊല്ലപ്പെടുന്നത്. സംഭവത്തെ തുടർന്ന് ധർമ്മസ്ഥലയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വെസ്റ്റേൺ സോൺ ഐജിയും ദക്ഷിണ കന്നട എസ്പിയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അഞ്ചു ബറ്റാലിയൻ പൊലീസിനെ ധർമ്മസ്ഥലയിൽ വിന്യസിച്ചു. വ്യാഴാഴ്ച രാവിലെ നടക്കുന്ന പരിശോധന കനത്ത സുരക്ഷയിലാണ്. ഇരു വിഭാഗവും ചേരിതിരിഞ്ഞ് സംഘർഷം ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷ. പ്രത്യേക അന്വേഷണസംഘം ഇന്നും യോഗം ചേരും. പ്രദേശത്ത് നാല് യൂട്യൂബർമാരെ ആക്രമിച്ചവർക്കെതിരെ കേസെടുത്തിട്ടുണ്ട്. സുവർണ്ണ ന്യൂസ് സംഘത്തെ ആക്രമിച്ചവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അതേസമയം തെളിവുകള്‍ കണ്ടെത്താനായുള്ള എസ്‌ഐടി സംഘത്തിന്റെ പരിശോധന ഇന്നും തുടരും. അടയാളപ്പെടുത്തിയ പതിമൂന്നാമത്തെ പോയന്റിലാവും അന്വേഷണ സംഘത്തിന്റെ ഇന്നത്തെ പരിശോധന. ഇന്നലെ പതിമൂന്നാമത്തെ പോയിന്റിലായിരുന്നു പരിശോധന നടത്തേണ്ടതെങ്കിലും വനത്തിനകത്താണ് അന്വേഷണ സംഘം തിരച്ചില്‍ നടത്തിയത്. ഇന്ന് നേരത്തെ അടയാളപ്പെടുത്തിയ പതിമൂന്നാമത്തെ പോയിന്റിലേക്ക് അന്വേഷണ സംഘം എത്തുമെന്നാണ് കരുതുന്നത്. മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചുമൂടിയെന്ന് സാക്ഷി വെളിപ്പെടുത്തിയ പോയിന്റ് കൂടിയാണ് 13ാമത്തേത്. 30 വര്‍ഷത്തിനിടെ വലിയ അളവില്‍ മണ്ണ് ഈ പോയിന്റില്‍ നിക്ഷേപിച്ചിട്ടുണ്ട്. അതിനാല്‍ ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ എത്തിച്ചായിരിക്കും ഇവിടത്തെ പരിശോധനയെന്നും സൂചനയുണ്ട്.
