ഉത്തരകാശി: മേഘവിസ്‌ഫോടനം ഉണ്ടായ ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതരെന്ന് വിവരം. 28 മലയാളികളും സുരക്ഷിതരെന്ന് ഉത്തരാഖണ്ഡ് മലയാളി സമാജം പ്രസിഡന്റ് ദിനേശ് അറിയിച്ചു. അപകടം ഉണ്ടായതിനു 4 കിലോമീറ്റര്‍ അകലെ ഗംഗോത്രിക്ക് സമീപമാണ് ഇവര്‍ കുടുങ്ങിക്കിടന്നത്. ഇവരെ രക്ഷാപ്രവര്‍ത്തന സംഘം ഉച്ചയോടെ കണ്ടെത്തി. നിലവില്‍ ഇവരെ ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ (ഐടിബിപി) ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ഗംഗോത്രിയിലേക്ക് പോകുന്ന വഴിക്ക് ഇവര്‍ വീടുമായി ബന്ധപ്പെട്ടിരുന്നുവെന്ന് സംഘാംഗങ്ങളുടെ ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. ഇവരെ കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് വലിയ ആശ്വാസമാണ് നല്‍കുന്നതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.
കൊച്ചി സ്വദേശികളായ നാരായണന്‍ നായരും ശ്രീദേവി പിള്ളയും ഇവരിലുള്‍പ്പെട്ടിട്ടുണ്ട്. 28 പേരടങ്ങുന്ന സംഘമാണ് യാത്ര പോയത്. ഇതില്‍ 8 പേര്‍ കേരളത്തില്‍ നിന്നുള്ള മലയാളികളും 20 പേര്‍ മുംബൈയില്‍ സ്ഥിരതാമസം ആക്കിയിട്ടുള്ള മലയാളികളുമാണ്. ചൊവ്വാഴ്ച രാവിലെ 8.30 ഓടെയാണ് ദമ്പതികളെ അവസാനം ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞത്. ഹരിദ്വാറില്‍ നിന്ന് ഗംഗോത്രിയിലേക്ക് പുറപ്പെടുമെന്നാണ് അവര്‍ പറഞ്ഞിരുന്നത്. പിന്നീട് ഇതുവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.
അതേ സമയം, മിന്നല്‍പ്രളയത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ സൈന്യവും രംഗത്തുണ്ട്. ഒറ്റപ്പെട്ടു പോയ ഉത്തരാഖണ്ഡിലെ ധരാലി ഗ്രാമത്തില്‍ കാലാവസ്ഥ പ്രതികൂലമായതോടെ രക്ഷപ്രവര്‍ത്തനത്തിന് കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.
