അഹമ്മദാബാദ്: പൊലീസുകാരനായ ഭര്‍ത്താവിനെ ഭാര്യ വിറകു കൊള്ളി കൊണ്ട് തലക്കടിച്ചു കൊന്നു. ഏഴു വയസ്സുകാരനായ മകന്റെ മുന്നില്‍ വച്ചായിരുന്നു ആക്രമണം. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യ ആത്മഹത്യ ചെയ്തു.
ഗുജറാത്തില അഹമ്മദാബാദ് സിറ്റിയില്‍ തിങ്കളാഴ്ചയായിരുന്നു ദാരുണ സംഭവം.
ഡാനിലിംട പൊലീസ് ലൈനിലെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് കൊലപാതകമുണ്ടായതെന്നു ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രവി മോഹന്‍ സൈനി പറഞ്ഞു. കൊല്ലപ്പെട്ട മുകേഷ് പര്‍മാര്‍ എന്ന പൊലീസുകാരനും ഭാര്യ സംഗീതയും തമ്മില്‍ ദീര്‍ഘകാലമായി വിവാഹവുമായി ബന്ധപ്പെട്ടു വിയോജിപ്പുകളുണ്ടായിരുന്നെന്നു അധികൃതര്‍ സൂചിപ്പിച്ചു. മുകേഷ് പാര്‍മര്‍ ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിളായിരുന്നു. തിങ്കളാഴ്ച രാവിലെ ഇരുവരും തമ്മില്‍ ഉച്ചത്തില്‍ വാക്കേറ്റമുണ്ടായിരുന്നു. അതിനിടയിലാണ് ഭാര്യ വിറകു കൊള്ളിയെടുത്തു ഭര്‍ത്താവിന്റെ തലക്കടിച്ചതെന്നു പറയുന്നു. അടിയേറ്റു നിലംപതിച്ച പാര്‍മര്‍ സംഭവ സ്ഥലത്തു മരിച്ചു. ഉടന്‍ തന്നെ അവര്‍ തൂങ്ങി മരിച്ചു. ഏഴു വയസ്സുകാരനായ മകന്‍ ദുരന്തത്തിനു സാക്ഷിയായിരുന്നു-പൊലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം തുടരുകയാണ്.
