ചണ്ഡീഗഢ്: പ്രണയ വിവാഹങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി പഞ്ചാബിലെ ഒരുഗ്രാമം. മൊഹാലി ജില്ലയിലെ മനക്പുര്‍ ഷരിഫ് ഗ്രാമത്തില്‍ കുടുംബത്തിന്റെയോ സമുദായത്തിന്റെയോ അനുമതിയില്ലാതെ നടക്കുന്ന പ്രണയവിവാഹങ്ങള്‍ നിരോധിച്ച് പ്രമേയം പാസാക്കി. ഇത്തരം വിവാഹങ്ങള്‍ സാമൂഹിക ഐക്യത്തെ തകര്‍ക്കുകയും അക്രമാസക്തമായ തര്‍ക്കങ്ങള്‍ക്കും കുടുംബ കലഹങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണിത്. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിരിക്കുകയാണ്. ഒളിച്ചോടിയുള്ള വിവാഹം നിരോധിക്കുന്നതിനുള്ള പ്രമേയം ആറംഗ ഗ്രാമ പഞ്ചായത്ത് അടുത്തിടെ പാസാക്കുകയായിരുന്നു. മാതാപിതാക്കളുടെ അനുമതിയില്ലാതെ ഒളിച്ചോടി വിവാഹം കഴിക്കുന്ന ആണ്‍കുട്ടികളെയോ പെണ്‍കുട്ടികളെയോ ഇനി ഗ്രാമത്തില്‍ കയറ്റില്ല. അവരെ സഹായിക്കുന്നവര്‍ക്കെതിരെയും നടപടി വരും.
അയല്‍ ഗ്രാമങ്ങളും സമാനമായ നിലപാടുകള്‍ സ്വീകരിക്കണമെന്ന് പ്രമേയം അഭ്യര്‍ത്ഥിച്ചു. ഗ്രാമവാസികളുടെ ക്ഷേമം ഉറപ്പാക്കുക എന്നതാണ് പ്രമേയം ഏകകണ്ഠമായി പാസാക്കിയതെന്നും ഇത് ലക്ഷ്യമിടുന്നുവെന്നും ഒരു ഗ്രാമീണന്‍ പറഞ്ഞു. ഗ്രാമത്തിലെ ഒരു യുവാവ് അനന്തരവളെ വിവാബൃഹം കഴിച്ച സംഭവത്തോടെയാണ് ഈ നീക്കം ആരംഭിച്ചത്. 26 കാരനായ ദവിന്ദര്‍ ആണ് 24 വയസ്സുള്ള തന്റെ അനന്തരവള്‍ ബേബിയെ വിവാഹം കഴിച്ചത്. ഇതൊരു ശിക്ഷയല്ല, മറിച്ച് ഞങ്ങളുടെ പാരമ്പര്യത്തെയും മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ഒരു പ്രതിരോധ നടപടിയാണ്,’ ഗ്രാമത്തിലെ സര്‍പഞ്ച് ദല്‍വീര്‍ സിംഗ് പറഞ്ഞു. ഗ്രാമത്തിലെ ഭൂരിഭാഗം യുവാക്കളും താമസക്കാരും വിഷയത്തില്‍ സര്‍പഞ്ചിനെ പിന്താങ്ങുന്നുണ്ട്.
ഫരീദ്കോട്ട് ജില്ലയിലെ സിര്‍സാരി, അനോഖ്പുര ഗ്രാമങ്ങളിലെ പഞ്ചായത്തുകള്‍ ഗ്രാമത്തിനുള്ളില്‍ പ്രണയ വിവാഹങ്ങള്‍ നിരോധിക്കുന്നതിനുള്ള സംയുക്ത പ്രമേയം പാസാക്കി. അതേസമയം ഗ്രാമപഞ്ചായത്തുകള്‍ പാസാക്കുന്ന ഇത്തരം പ്രമേയങ്ങളുടെ കാര്യത്തില്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് സര്‍ക്കാരാണ് നോക്കേണ്ടതെന്ന് പഞ്ചാബ് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ രാജ് ലാലി ഗില്‍ പറഞ്ഞു.
