ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മിന്നല്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നാലുപേര്‍ മരിച്ചതായാണ് ആദ്യ സൂചന. 70 ലേറെ പേരെ ഒഴുക്കില്‍പെട്ട് കാണാതായി. മേഘ വിസ്‌ഫോടനത്തെ തുടര്‍ന്ന് അതിരൂക്ഷമായ മണ്ണിടിച്ചിലും ഒപ്പം വെള്ളപ്പൊക്കവുമുണ്ടാവുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ഘീര്‍ഗംഗ നദിതീരത്താണ് മേഘവിസ്‌ഫോടനമുണ്ടായത്. മലമുകളില്‍ നിന്ന് ഒഴുകിയെത്തിയ മലവെള്ളം ഉത്തരകാശിയിലെ താരാലി വില്ലേജിലെ വീടുകള്‍ കാര്‍ന്നെടുത്തു. സുരക്ഷാ സേനാംഗങ്ങള്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് ദുരന്ത നിവാരണ സേനകളും ജില്ലാഭരണകൂടവും മറ്റു സുരക്ഷാവിഭാഗങ്ങളും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. മേഘവിസ്‌ഫോടനത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയിട്ടുണ്ട്.
