മംഗ്‌ളൂരു: ജീവനക്കാരുടെ അനിശ്ചിത കാല പണി മുടക്കിനെ തുടര്‍ന്ന് കര്‍ണ്ണാടകയില്‍ കര്‍ണ്ണാടക സ്റ്റേറ്റ് ബസ് സര്‍വ്വീസ് സ്തംഭിച്ചു. കര്‍ണ്ണാടകയിലും കാസര്‍കോട്-മംഗ്‌ളൂരു റൂട്ടിലും സമരം യാത്രക്കാരെ പ്രതികൂലമായി ബാധിച്ചു.
38 മാസത്തെ ശമ്പള കുടിശ്ശികയും 2024 ജനുവരിയില്‍ നടപ്പാക്കേണ്ടിയിരുന്ന വേതന പരിഷ്‌കരണവും നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാര്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ അനിശ്ചിതകാല പണി മുടക്ക് ആരംഭിച്ചിട്ടുള്ളത്. പണി മുടക്ക് കര്‍ണ്ണാടക ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. സമരം പിന്‍വലിപ്പിക്കുന്നതിന് തൊഴിലാളി യൂണിയനുകളുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. രണ്ടു വര്‍ഷത്തെ ശമ്പള കുടിശ്ശിക നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് യൂണിയനുകളെ അറിയിച്ചിരുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രസ്താവിച്ചു. എന്നാല്‍ 38മാസത്തെയും കുടിശ്ശിക നല്‍കാതെ പണി മുടക്കില്‍ നിന്ന് പിന്മാറുന്ന പ്രശ്‌നമില്ലെന്ന് യൂണിയനുകള്‍ പ്രതികരിച്ചു. അതേ സമയം സ്റ്റേറ്റ് ബസ് ജീവനക്കാരുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ ഓട്ടോ റിക്ഷകള്‍ യാത്രക്കാരെ കൊള്ളയടിക്കുന്നതിന് വ്യാപക ആക്ഷേപവുമുണ്ട്.
