ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു. 79 വയസ്സായിരുന്നു. ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഡല്‍ഹി ആര്‍ എം എല്‍ ആശുപത്രിയിലാണ് അന്ത്യം. 2018 ഓഗസ്റ്റ് മുതല്‍ 2019 ഒക്ടോബര്‍ വരെ മുന്‍ ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ ഗവര്‍ണറായി മാലിക് സേവനമനുഷ്ഠിച്ചു. 2019 ഓഗസ്റ്റ് 5 ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. പിന്നീട് അദ്ദേഹം ഗോവയുടെ 18-ാമത് ഗവര്‍ണറായി നിയമിതനായി, തുടര്‍ന്ന് 2022 ഒക്ടോബര്‍ വരെ മേഘാലയയുടെ 21-ാമത് ഗവര്‍ണറായി സേവനമനുഷ്ഠിച്ചു. ഉത്തര്‍പ്രദേശിലെ ബാഗ്പട്ടിലെ ഹിസാവാഡ ഗ്രാമത്തില്‍ ഒരു ജാട്ട് കുടുംബത്തിലാണ് മാലിക് ജനിച്ചത്. മീററ്റ് സര്‍വകലാശാലയില്‍ നിന്ന് സയന്‍സ് ബിരുദവും എല്‍എല്‍ബി ബിരുദവും നേടി. 1968-69 ല്‍, വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി രാഷ്ട്രീയ ജീവിതം ആരംഭിച്ചു.
