ധര്‍മ്മസ്ഥല: ധര്‍മ്മസ്ഥല കൂട്ട ശവസംസ്‌കാര സ്ഥലങ്ങളെന്നു സംശയിക്കപ്പെടുന്ന ഇടങ്ങളില്‍ ആറാം ദിവസമായ തിങ്കളാഴ്ച നടത്തിയ ഖനനത്തില്‍ 100 അസ്ഥികളും ഒരു തലയോട്ടിയും കണ്ടെത്തി. പരാതിക്കാരനായ സാക്ഷി തിരിച്ചറിഞ്ഞ ആറാമത്തെ സ്ഥലത്തു നിന്ന് ഒരു പുരുഷന്റെ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളും കണ്ടെടുത്തു. ധര്‍മ്മസ്ഥല പൊലീസ് പരിധിയിലെ നേത്രാവതി തീര്‍ത്ഥസ്നാന ഘട്ടത്തിനു സമീപത്താണ് ഭൂമി കുഴിച്ച് അന്വേഷണം തുടരുന്നത്. കണ്ടെടുത്ത അസ്ഥികൂടത്തില്‍ തലയോട്ടിക്കു പുറമെ നട്ടെല്ലും ഉണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം സൂചിപ്പിച്ചു. കണ്ടെടുത്ത അസ്ഥിക്കൂട്ടങ്ങള്‍ രണ്ടു വ്യക്തികളുടേതാണെന്നു സംശയിക്കുന്നു. സംഭവ സ്ഥലത്തു നിന്നു ഒരു സാരിയും കണ്ടെത്തിയിട്ടുണ്ട്. സാരി അസ്ഥികള്‍ കണ്ടെത്തിയ കുഴിക്കരുകിലെ ഒരു മരത്തില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. രാവിലെ മുതല്‍ സന്ധ്യ വരെ വിശ്രമമില്ലാതെ നടത്തിയ അന്വേഷണത്തിലാണ് അസ്ഥികളും മറ്റും കണ്ടെത്തിയത്. പരാതിക്കാരന്‍ നല്‍കിയ വിവരമനുസരിച്ച് കൂട്ട ശ്മശാനങ്ങളില്‍ 10 എണ്ണം ഇതുവരെ കുഴിച്ചു പരിശോധന നടത്തി. 13 സ്ഥലങ്ങളാണ് പരാതിക്കാരന്‍ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നത്. 20 തൊഴിലാളികള്‍ കുഴി മാന്തലില്‍ പങ്കെടുത്തിരുന്നു.
