മംഗളൂരു: ധര്‍മ്മസ്ഥലയിലെ കൂട്ട ശവസംസ്‌കാര കേസിലെ കൃത്യമായ ശവക്കുഴികള്‍ കണ്ടെത്തുന്നതിനു റഡാര്‍ സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തണമെന്നു പരാതിക്കാരിയുടെ അഭിഭാഷകന്‍ അധികൃതരോടാവശ്യപ്പെട്ടു.
2003ല്‍ ധര്‍മ്മസ്ഥലയില്‍ കാണാതായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി അനന്യഭട്ടിന്റെ മാതാവ് സുജാത ഭട്ടിന്റെ അഭിഭാഷകനായ മഞ്ജുനാഥാണ് ഈ ആവശ്യമുന്നയിച്ചത്. മകളുടെ തിരോധാനത്തെത്തുടര്‍ന്ന് 2014ല്‍ ധര്‍മ്മസ്ഥലയില്‍ നിന്ന് സുജാതഭട്ട് താമസം മാറ്റിയിരുന്നു അതിനുശേഷം പതിനൊന്ന് വര്‍ഷത്തിനിടയില്‍ ധര്‍മ്മസ്ഥല വനമേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതിനാല്‍ കുഴിയെടുത്ത സ്ഥലങ്ങള്‍ക്കടുത്ത് അസ്ഥികള്‍ കണ്ടെത്തുന്നതിന് നൂതനമായ റഡാര്‍ സാങ്കേതിക സംവിധാനം ഉപയോഗിക്കണമെന്നും പ്രത്യേക അന്വേഷണ സംഘത്തോട് സുജാത ഭട്ടിന്റെ അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു. അതിനിടെ കൂട്ട ശവക്കുഴികളില്‍ നിന്ന് അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിന് ഇന്നും പരിശോധന തുടരുന്നുണ്ട്. ഇതിനു വേണ്ടി കുഴിയെടുക്കുന്ന സ്ഥലങ്ങള്‍ തുണികെട്ടി മറച്ചിട്ടുണ്ട്. 20 തൊഴിലാളികളും മിനി ജെസിബിയും കുഴിയെടുക്കലില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
