പ്രേം നസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു; സംസ്കാരം വൈകിട്ട്

തിരുവനന്തപുരം: നിത്യഹരിതനായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസ്സായിരുന്നു. വൃക്കരോഗത്തിനു ചികിത്സയിലായിരുന്ന ഷാനവാസിനെ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 12 മണിയോടെ മരിച്ചു. വഴുതക്കാട് ആകാശവാണിക്കു സമീപം ഫ്ളാറ്റിലായിരുന്നു താമസം. മലയാളം, തമിഴ് ഭാഷകളിലായി 96 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘പ്രേമഗീതങ്ങളി’ലൂടെയാണ് ഷാനവാസ് സിനിമയിലെത്തിയത്. പിന്നീട് മഴനിലാവ്, ഈയുഗം, മണിയറ, നീലഗിരി, ഗർഭശ്രീമാൻ, സക്കറിയയുടെ ഗർഭിണികൾ തുടങ്ങിയ ഒട്ടേറെ പ്രമുഖ ചിത്രങ്ങളിൽ വേഷമിട്ടു. ‘ഇവൻ ഒരു സിംഹം’ എന്ന സിനിമയിൽ ആദ്യമായി നസീറിനൊപ്പം അഭിനയിച്ചു. തുടർന്ന് ഏഴ് സിനിമകളിൽ പിതാവും മകനും ഒന്നിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം 2011ല്‍ പുറത്തിറങ്ങിയ ചൈനാ ടൗൺ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് മടങ്ങിയെത്തി. പൃഥ്വിരാജ് ചിത്രം “ജനഗണമന’യിലാണ് ഒടുവിൽ അഭിനയിച്ചത്. ശംഖുമുഖം, വെളുത്ത കത്രീന, കടമറ്റത്തു കത്തനാർ, സത്യമേവ ജയതേ തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. ചിറയിൻകീഴ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മോണ്ട്ഫോർട്ട് സ്കൂൾ, യേർക്കാട് എന്നിവിടങ്ങളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുകയും ചെന്നൈയിലെ ന്യൂ കോളേജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടുകയും ചെയ്തു. എംഎ ഇംഗ്ലീഷ് സാഹിത്യത്തിൽ അവസാനവർഷ വിദ്യാർഥിയായിരിക്കെയാണ് 1981-ൽ പ്രേമഗീതങ്ങളിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഇരുപത്തഞ്ചോളം സിനിമകളിൽ നായകനായി. ഒട്ടേറെ ചിത്രങ്ങളിൽ വില്ലനും. ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടു.1989-ൽ നസീറിന്റെ മരണശേഷവും അഭിനയം തുടർന്നെങ്കിലും വേഷങ്ങളിൽ ആവർത്തനവിരസതയുണ്ടായപ്പോൾ സിനിമാരംഗം വിട്ടു. പിന്നീട് ഗൾഫിൽ ഷിപ്പിങ് കമ്പനിയിൽ മാനേജരായി. അതിനുശേഷമാണ് സീരിയലിൽ അഭിനയിച്ചതും വീണ്ടും സിനിമയിലെത്തുന്നതും. പരേതയായ ഹബീബ ബീവിയാണ് മാതാവ്. ഭാര്യ: ആയിഷാബീവി. മക്കൾ: അജിത്ഖാൻ(ദുബായ്), ഷമീർഖാൻ. മരുമകൾ: ഹന(കൊല്ലം). സഹോദരങ്ങൾ: ലൈല, റസിയ, റീത്ത. ചൊവ്വാഴ്ച വൈകീട്ട് മൃതദേഹം പാളയം ജുമാമസ്ജിദിലേക്ക് എത്തിക്കും. തുടർന്ന് അഞ്ചുമണിയോടെ കബറടക്കം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page