കാൺപുർ : രണ്ട് വീടുകൾ അതി സാഹസികമായി കൊള്ളയടിച്ച ആൾ രണ്ടാമത്തെ വീട്ടിലെ കൊള്ളയ്ക്കു ശേഷം ക്ഷീണിച്ചു അതേ വീട്ടിനുള്ളിൽ കണ്ട മെത്തയിൽ സുഖനിദ്രയിലാണ്ടു. സുഖനിദ്രയിൽ മുഴുകിയ കൊള്ളക്കാരനെ പിറ്റേന്ന് രാവിലെ വീട്ട വീട്ടുകാരൻ കണ്ട് ഭയന്ന് വിറച്ചുറച്ചു. അലമുറ കേട്ട് ഓടിയെത്തിയ അയൽക്കാർ കള്ളനെ പിടിച്ച് പൊതിരെ തല്ലു കൊടുത്തു. അതിനുശേഷം വിവരം നസീറാബാദ് പോലീസിനെ അറിയിച്ചു. പോലീസ് എത്തി മോഷ്ടാവിനെ അറസ്റ്റ് ചെയ്തു. യു.പിയിലെ വ്യവസായ നഗരമായ കാൺപൂരിലെ അടുത്തടുത്തുള്ള രണ്ട് സഹോദരന്മാരുടെ വീടുകളിലാണ് കള്ളൻ കയറിയത്. മറിയം പുർ റെയിൽവേ സ്റ്റേഷനടുത്തെ വിനോദ് കുമാർ, സഹോദരൻ അനിൽകുമാർ എന്നിവരുടെ വീടുകളിലായിരുന്നു കവർച്ച.. മദ്യലഹരിയിൽ ആയിരുന്നു മോഷ്ടാവ് എന്നു പറയുന്നു. ഇയാൾ ആദ്യം വിനോദ് കുമാറിന്റെ വീട്ടിൽ കയറി അലമാരയുടെ ലോക്കർ തകർത്തു വിലപിടിപ്പുള്ള സാധനങ്ങൾ കൊള്ളയടിച്ചു. തുടർന്ന് അനിൽകുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കടന്ന കള്ളൻ അവിടെയും അലമാര കുത്തി തുറന്നു. ആഭരണങ്ങളും പണവും കൊള്ളയടിച്ചു. രണ്ടാമത്തെ മോഷണത്തിനു ശേഷം കൂടുതൽ ക്ഷീണിതനായ മോഷ്ടാവ് അവിടെ കണ്ട മെത്തയിൽ കിടന്ന് സുഖമായി ഉറങ്ങി. നേരം പുലർന്നിട്ടും ഉറങ്ങി എഴുന്നേറ്റില്ല. ഇതിനിടയിൽ ഇ -റിക്ഷ ഡ്രൈവർ ആയ വീട്ടുടമ അനിൽകുമാർ എഴുന്നേറ്റ് നോക്കിയപ്പോൾ വീട്ടിനുള്ളിൽ അപരിചിതനായ ഒരാൾ ഉറങ്ങിക്കിടക്കുന്നതാണ് കണ്ടത് .ആദ്യം പരിഭ്രമിച്ച വീട്ടുടമ അലമാരകൾ പരിശോധിച്ചു. അവയൊക്കെ പൊളിച്ച നിലയിലായിരുന്നു. അതിൽ സൂക്ഷിച്ചിരുന്ന പണവും പണ്ടവും കാണാതായി. ഉടനെ ഉറക്കത്തിലായിരുന്ന കളളനെ നിരീക്ഷിച്ചപ്പോൾ കളവുമുതലുകൾ കണ്ടെത്തി. ഇതിനിടയിൽ എഴുന്നേറ്റ അനിൽകുമാറിന്റെ ഭാര്യ ഉച്ചത്തിൽ നിലവിളിച്ചു. നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാർ കള്ളനെ മാന്യമായി കൈകാര്യം ചെയ്തു. അതിനുശേഷം പോലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി കള്ളനെ അറസ്റ്റ് ചെയ്തു കോടതി ഇയാളെ റിമാൻഡ് ചെയ്തു.
