ഭാര്യ അധ്യാപിക, 14 വർഷമായി ശമ്പളമില്ല; മകന്റെ പഠനത്തിന് പണമില്ല, മനംനൊന്ത 47കാരൻ തൂങ്ങിമരിച്ച നിലയിൽ

പത്തനംതിട്ട: എയ്ഡഡ് സ്‌കൂള്‍ അധ്യാപികയായ ഭാര്യയ്ക്ക് 14 വര്‍ഷമായി ശമ്പളം ലഭിക്കാത്ത മനോവിഷമത്തില്‍ ഭര്‍ത്താവ് ജീവനൊടുക്കി. പത്തനംതിട്ട നാറാണംമുഴിയിലാണ് സംഭവം. നാറാണംമുഴി സ്വദേശി വി ടി ഷിജോ(47) ആണ് ജീവനൊടുക്കിയത്. നാറാണംമൂഴി സെന്റ് ജോസഫ് സ്‌കൂളിലെ അധ്യാപികയാണ് ഷിജോയുടെ ഭാര്യ. 14 വര്‍ഷത്തെ ശമ്പളം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഡിഇഒ ഓഫീസില്‍ നിന്ന് തുടര്‍നടപടിയുണ്ടായില്ലെന്ന് ഷിജോയുടെ പിതാവ് ത്യാഗരാജന്‍ പറഞ്ഞു. മകന്റെ എൻജിനിയറിങ് പ്രവേശനത്തിന് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ഷിജോ. ഭാര്യയുടെ മുടങ്ങിക്കിടക്കുന്ന ശമ്പളംകൂടി ലഭിച്ചാൽ ഇതിന് പണം കണ്ടെത്താമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതുകൂടി ഇല്ലാതായതോടെയാണ് ആത്മഹത്യയെന്നും ത്യാഗരാജൻ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം ആറുമണി മുതല്‍ ഷിജോയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിന് ഒന്നര കിലോമീറ്റര്‍ അകലെ വനമേഖലയില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 14 വർഷമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഷിജോയുടെ ഭാര്യയ്ക്ക് അനുകൂലമായി ഉത്തരവിട്ടു. മുൻകാല പ്രാബല്യത്തോടെ ശമ്പള കുടിശ്ശിക നൽകാനും ഉത്തരവായിരുന്നു. എന്നാല്‍ ഡിഇഒ ഓഫീസ് തുടര്‍നടപടിയെടുത്തില്ല. ഇതേത്തുടർന്ന് വകുപ്പ് മന്ത്രിയെയും കണ്ടിരുന്നു. മന്ത്രിയുടെ ഓഫീസിൽ നിന്ന് ശമ്പളം നൽകാൻ രേഖകൾ ശരിയാക്കി നൽകാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ അധികൃതർ ഇതിന് തയ്യാറായില്ല എന്നാണ് പറയുന്നത്. അതിനിടെ മകന്റെ എൻജിനീയറിങ് കോളേജ് പ്രവേശനം ശരിയായി വന്നിരുന്നു. ഇതിനും പണം നൽകാൻ കഴിയാതെ വന്നതോടെയാണ് ഷിജോ ആത്മഹത്യക്ക് ഒരുങ്ങിയതെന്നു ബന്ധുക്കൾ പറയുന്നു. കൃഷിവകുപ്പിൽ ഫീൽഡ് സ്റ്റാഫ് ആണ് ഷിജോ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page