സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിന്റെ കുടിവെള്ള ടാങ്കില്‍ വിഷം കലര്‍ത്തിയ സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. സാഗര്‍ പാട്ടീല്‍, നാഗനഗൗഡ പാട്ടീല്‍, കൃഷ്ണ മദാര എന്നിവരാണ് പ്രതികള്‍. കര്‍ണാടക ബെലഗാവി ജില്ലയിലെ ഹൂലിക്കട്ടിയിലാണ് സംഭവം. സ്‌കൂളിലെ പ്രധാന അധ്യാപകനെ കുടുക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് സംഘം ഇതു ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 13 വര്‍ഷത്തിലേറെയായി സ്‌കൂളില്‍ സേവനമനുഷ്ഠിക്കുന്ന പ്രധാനാധ്യാപകന്‍ സുലെമാന്‍ ഗൊരിനായകയുടെ പ്രശസ്തിക്ക് കളങ്കം വരുത്തുക എന്നതായിരുന്നു ലക്ഷ്യമെന്ന് സവദത്തി പൊലീസ് പറയുന്നു. ശ്രീരാമ സംഘടനയുമായി ബന്ധമുള്ള സാഗര്‍ പാട്ടീലാണ് ഗൂഢാലോചനയുടെ മുഖ്യ ആസൂത്രകനെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. ഭീമശങ്കര്‍ ഗുലേദ് മാധ്യമങ്ങളോട് പറഞ്ഞു.
നാഗനഗൗഡ സാഗറിന്റെ ബന്ധുവാണ്, കൃഷ്ണ മുമ്പ് സാഗറിന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നു.
സ്‌കൂളിലെ കുടിവെള്ള ടാങ്കിലേക്ക് കീടനാശിനി ഒഴിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു വിദ്യാര്‍ത്ഥിയെ വിട്ടതായി എസ്പി കൂട്ടിച്ചേര്‍ത്തു. ജൂലൈ 14 നാണ് സംഭവം നടന്നത്. ഉച്ചഭക്ഷണത്തിന് ശേഷം മലിനമായ വെള്ളം കുടിച്ചതിനെ തുടര്‍ന്ന് 11 വിദ്യാര്‍ത്ഥികള്‍ക്ക് അസുഖം വന്നു. ഒന്നിലധികം കുട്ടികള്‍ക്ക് പെട്ടെന്ന് അസുഖം ബാധിച്ചത് രക്ഷിതാക്കളിലും സ്‌കൂള്‍ ജീവനക്കാരിലും പരിഭ്രാന്തി പരത്തി. സംഭവത്തില്‍
സവദത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തെളിവുകള്‍ പുറത്തുവരുന്ന മുറയ്ക്ക് കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
