കാസര്‍കോട്: പൈക്ക പള്ളി കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. മലപ്പുറം മുന്നിയൂര്‍ സ്വദേശി അബൂബക്കറി(52)യാണ് ബദിയടുക്ക പൊലീസ് അറസ്റ്റുചെയ്തത്. സംഭവത്തിന് ശേഷം നാട്ടിലേക്ക് മുങ്ങിയ ഇയാളെ എസ്‌ഐ ഉമേഷ്, എഎസ്‌ഐ പ്രസാദ്, സിപിഒമാരായ ആരിഫ്, ശ്രീനേഷ് എന്നിവര്‍ മലപ്പുറത്തെ വീട്ടിലെത്തി പിടികൂടുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് കാര്‍ കത്തിച്ചത്. മദ്രസയിലെ അധ്യാപകന്‍ റാസ ബാഖഫി ഹൈതമിയുടെ കാറാണ് കത്തിച്ചത്. പ്രതി പൈക്ക ജുമാ മസ്ജിദിലെ മുന്‍ ജീവനക്കാരനായിരുന്നു. പള്ളിയില്‍ നിന്ന് പുറത്താക്കിയതിന്റെ വൈരാഗ്യം കാരണം കാര്‍ കത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചെങ്കിലും കാര്‍ പൂര്‍ണമായി കത്തി നശിച്ചിരുന്നു. കാറിനകത്തുണ്ടായിരുന്ന പാസ്‌പോര്‍ട്ടും മറ്റു വിലപ്പെട്ട രേഖകളും കത്തി നശിച്ചിരുന്നു. റാസ ബാഖഫിയുടെ ബന്ധുവായ മംഗല്‍പാടി സ്വദേശി അബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിയത്.
