തിരുവനന്തപുരം: താത്ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ കണ്ട് മന്ത്രിമാര്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, നിയമ മന്ത്രി പി രാജീവ് എന്നിവരാണ് രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. താല്‍ക്കാലിക വി സി നിയമനത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉപഹര്‍ജിയുമായി നീങ്ങവെയാണ് സുപ്രധാന കൂടിക്കാഴ്ച. സമവായ ശ്രമം ലക്ഷ്യമിട്ടാണ് മന്ത്രിമാര്‍ ഗവര്‍ണറെ കണ്ടത്. സര്‍ക്കാര്‍ നിലപാട് ഗവര്‍ണറെ അറിയിച്ചുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സുപ്രീംകോടതി വിധി അനുസരിച്ച് നിയമനങ്ങള്‍ നടത്തണമെന്നും തീരുമാനങ്ങള്‍ ഏകപക്ഷീയമാകരുതെന്നും മന്ത്രിമാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ ചര്‍ച്ച തുടരുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സുപ്രീംകോടതി ഉത്തരവിന്റെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് കാര്യങ്ങള്‍ മുന്നോട്ടു പോകുമെന്നാണ് പ്രതീക്ഷ. ഉത്തരവ് വരുന്നതിനു മുന്‍പ് ഗവര്‍ണര്‍ സര്‍ക്കാര്‍ തര്‍ക്കം ആരംഭിച്ചിരുന്നു. പ്രശ്നത്തില്‍ വ്യക്തമായ നിലപാട് പറയുന്നതാണ് സുപ്രീം കോടതി ഉത്തരവ്. ചര്‍ച്ചകള്‍ തുടരുമെന്നും ചര്‍ച്ചകള്‍ എല്ലാം പോസിറ്റീവ് ആണ് എന്നും മന്ത്രി പറഞ്ഞു. ഐടി, നിയമ വകുപ്പിലെ ഉദ്യോഗസ്ഥരോട് രാജഭവനില്‍ എത്താന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് മന്ത്രിമാര്‍ തന്നെ നേരിട്ടെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്.
