ബംഗളൂരു: മലയാളി വിദ്യാര്‍ത്ഥിനി ബംഗളൂരുവില്‍ ബലാത്സംഗത്തിനിരയായി. സോളദേവനഹള്ളിയിലെ ബിരുദ വിദ്യാര്‍ത്ഥിനിയെയാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ കോഴിക്കോട് സ്വദേശി അഷ്റഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഷ്റഫിന്റെ വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുകയായിരുന്നു പെണ്‍കുട്ടി. ബലമായി കാറില്‍ കയറ്റി നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ എത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം പിജിയില്‍ തിരികെയെത്തിച്ചുവെന്നാണ് പെണ്‍കുട്ടി പരാതിയില്‍ ആരോപിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അഷ്‌റഫിന്റെ വീട്ടില്‍ പത്ത് ദിവസം മുന്‍പാണ് താന്‍ താമസിക്കാനെത്തിയതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ശനിയാഴ്ച രാത്രി അര്‍ധരാത്രിക്ക് ശേഷം തന്റെ റൂമിലേക്ക് അഷ്‌റഫ് കയറി വന്ന്, സഹകരിച്ചാല്‍ ഭക്ഷണവും താമസവും സൗജന്യമായി നല്‍കാമെന്ന് പറഞ്ഞതായി പരാതിയില്‍ ആരോപിക്കുന്നു. നിരസിച്ചപ്പോള്‍ പ്രതി ബലമായി പിടിച്ചുവലിച്ച് കാറില്‍ കയറ്റി മറ്റൊരു സ്ഥലത്തേക്ക് ഓടിച്ചുപോയെന്നും അവിടെ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നുമാണ് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നത്. പിന്നീട് അഷ്‌റഫ് തന്നെ താമസസ്ഥലത്ത് തന്നെ തിരിച്ചെത്തിച്ചുവെന്നും പരാതിയില്‍ പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.
