കണ്ണൂര്‍: കണ്ണൂരിന്റെ ജനകീയ ഡോക്ടര്‍ വിടവാങ്ങി. താണ മാണിക്കക്കാവിന് സമീപത്തെ എ.കെ. രൈരു ഗോപാല്‍ (80) അന്തരിച്ചു. അരനൂറ്റാണ്ടോളം രോഗി കളില്‍നിന്ന് രണ്ടുരൂപ മാത്രം വാങ്ങിയായിരുന്നു ഡോക്ടറുടെ സേവനം. പാവപ്പെട്ട രോഗികളുടെ ആശ്രയമായിരുന്നു ഡോക്ടറുടെ ക്ലിനിക്ക്. ഏകദേശം 18 ലക്ഷത്തോളം രോഗികള്‍ ഇദ്ദേഹത്തെ കാണാനായി എത്തിയിരുന്നുവെന്നാണ് പറയപ്പെടുന്നത്.
പുലര്‍ച്ചെ നാലുമുതല്‍ വൈകീട്ട് നാലുവരെ ഡോ. രൈരു ഗോപാല്‍ രോഗികളെ പരിശോധിച്ചിരുന്നു. പിന്നീട് കുറച്ചുകാലം രാവിലെ ആറുമുതല്‍ വൈകീട്ട് നാലുവരെയാക്കി. മുമ്പ് തളാപ്പ് എല്‍ഐസി ഓഫീസിന് സമീപത്തെ വീട്ടിലാണ് 35 വര്‍ഷം രോഗികളെ പരിശോധിച്ചത്. അതിന് ശേഷം താണ മാണിക്കക്കാവിനടുത്ത് ‘ലക്ഷ്മി’ വീട്ടിലാണ് 10 വര്‍ഷത്തോളമായി രോഗികളെ പരിശോധിച്ചിരുന്നത്. കുട്ടികള്‍മുതല്‍ പ്രായമുള്ളവര്‍വരെ ചികിത്സയ്ക്കായി ഇവിടെ എത്താറുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് മരുന്ന് സൗജന്യമായി നല്‍കിയിരുന്നു. ജില്ലയ്ക്ക് പുറത്തുള്ളവരും ഡോക്ടറെ തേടിയെത്താറുണ്ട്.
2024 മേയ് എട്ടിന് ഡോക്ടറുടെ വീടിന്റെ ഗേറ്റില്‍ ഒരു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ‘എന്റെ ജോലി ചെയ്യുവാനുള്ള ആരോഗ്യം ഇന്നെനിക്കില്ല. അതുകൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടുക്കുന്നതും നിര്‍ത്തുകയാണ്’ ഇതായിരുന്നു ബോര്‍ഡിലെ കുറിപ്പ്. ഇത് സാധാരണക്കാരായ രോഗികള്‍ക്ക് വലിയൊരു ആഘാതമായിരുന്നു. ഡോക്ടറുടെ കുറിപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത് കേരളമാകെ ചര്‍ച്ചയായിരുന്നു. ശനിയാഴ്ച രാത്രിയാണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് പയ്യാമ്പലത്ത്. പരേതരായ ഡോ. എ.ജി. നമ്പ്യാരുടെയും. എ.കെ. ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: പി.ഒ. ശകുന്തള. മക്കള്‍: ഡോ.ബാലഗോപാല്‍, വിദ്യ. മരു മക്കള്‍: ഡോ.തുഷാരാ ബാലഗോപാല്‍, ഭാരത് മോഹന്‍. സഹോദരങ്ങള്‍: ഡോ.വേണുഗോപാല്‍, പരേതനായ ഡോ.കൃഷ്ണഗോപാല്‍, ഡോ.രാജഗോപാല്‍.

🙏🙏🙏
R I P