മംഗളൂരു: ധര്‍മസ്ഥല കൂട്ടസംസ്‌കാര കേസില്‍ 2000 ത്തിനും 2015നും ഇടയില്‍ ബല്‍ത്തങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത അസ്വാഭാവിക മരണ രജിസ്റ്റര്‍ നശിപ്പിച്ചെന്ന് വിവരാകാശ രേഖ വെളിപ്പെടുത്തി. ഇത് ധര്‍മസ്ഥല കൂട്ട സംസ്‌കാര കേസില്‍ ജനരോഷം ആളിക്കത്തിക്കുന്നു. ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും സംശയകരവുമായ നിരവധി മരണങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ആരോപണമുണ്ട്. ഔദ്യോഗീക രേഖ നശിപ്പിച്ചെന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജയന്ത് അതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നു പ്രത്യേക അന്വേഷണ സംഘത്തോട് പരാതിപ്പെട്ടു. ഒരു പെണ്‍കുട്ടിയുടെ മൃതദേഹം അനധികൃതമായി സംസ്‌കരിച്ചതിന് താന്‍ സാക്ഷിയാണെന്ന് ഇയാള്‍ നേരത്തെ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. അജ്ഞാത മൃതദേഹങ്ങള്‍ സംബന്ധിച്ച വര്‍ഷങ്ങളുടെ മരണ രേഖകള്‍ നശിപ്പിച്ചെന്ന ബല്‍ത്തങ്ങാടി പൊലീസ് വെളിപ്പെടുത്തല്‍ ഗുരുതരമായ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണെന്ന് ആരോപണം രൂക്ഷമായിട്ടുണ്ട്. മാത്രമല്ല, പൊലീസിന്റെയും അധികൃതരുടെയും ഒത്തുകളിയും ഈ പ്രശ്‌നത്തിന് പിന്നിലുണ്ടെന്ന ആക്ഷേപവും രൂക്ഷമായിട്ടുണ്ട്.
