കോഴിക്കോട്: മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ സഹോദരന്‍ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായി. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടാതെ ലഹരി ഇടപാടില്‍ പങ്കുണ്ടെന്ന് മറ്റൊരു പ്രതിയുടെ കുറ്റസമ്മത മൊഴി ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച ലഹരിമരുന്നു കേസുമായി ബന്ധപ്പട്ട് കുന്ദമംഗലം സ്വദേശി റിയാസിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ മൊഴിയില്‍ നിന്നാണ് ബുജൈറിന്റെ ബന്ധം വ്യക്തമായതെന്ന് കുന്ദമംഗലം പൊലീസ് അറിയിച്ചു. റിയാസും ബുജൈറും ലഹരി ഇടപാട് നടത്തിയതിന്റെ വാട്‌സ്ആപ്പ് ചാറ്റും പൊലീസ് കണ്ടെത്തിയിരുന്നു. അതിനിടെ കസ്റ്റഡിയില്‍ എടുക്കാന്‍ ചെന്നപ്പോള്‍ ബുജൈര്‍ പൊലീസിനെ കയ്യേറ്റം ചെയ്ത സംഭവവും നടന്നിരുന്നു. കുന്നമംഗലം പൊലീസിന് നേരെയാണ് യുവാവ് ആക്രമണം നടത്തിയത്. ബുജൈറിനെതിരെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പ് അടക്കം ചേര്‍ത്താണ് കേസ്. ലഹരിമരുന്ന് ഇടപാട് നടത്തുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഇയാളുടെ വാഹനം പൊലീസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചിരുന്നു. ലഹരി ഉപയോഗത്തിനായുള്ളതെന്ന് സംശയിക്കുന്ന വസ്തുക്കള്‍ ബുജൈറിന്റെ കാറില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ബുജൈറിന്റെ കയ്യില്‍ നിന്നും ലഹരി മരുന്ന് കണ്ടെത്തിയില്ലെങ്കിലും ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇടപാട് നടത്തുന്നുവെന്ന വിവരം മറ്റൊരു പ്രതിയില്‍ നിന്നും ലഭിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
