കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഹിരണ്‍ ദാസ് മുരളിയെന്ന റാപ്പര്‍ വേടന്‍ ഒളിവില്‍. വേടനുവേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം തൃശൂരിലെ വീട്ടില്‍ പൊലീസ് സംഘം എത്തിയെങ്കിലും വേടന്‍ ഇവിടെയുണ്ടായിരുന്നില്ല. ഇതുവരെയും പൊലീസിന് വേടനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. തൃക്കാക്കര പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വേടന്‍ കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും ഇപ്പോള്‍ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി 18 ന് പരിഗണിക്കും.
വനിതാ ഡോക്ടറാണ് കേസില്‍ പരാതിക്കാരി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് 31 കാരി നല്‍കിയ പരാതിയില്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില്‍ കോഴിക്കോട്ടെ ഫ്‌ലാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് ഡോക്ടറുടെ മൊഴി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പിന്നീട് പലയിടത്തുംവെച്ച് വേടന്‍ പീഡിപ്പിച്ചുവെന്നും യുവതി മൊഴി നല്‍കി.
