ബംഗളൂരു: മുൻ എംപിയും മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ചെറുമകനും മുൻ കേന്ദ്രമന്ത്രി കുമാരസ്വാമിയുടെ മരുമകനും ജനതാദൾ സെക്കുലർ നേതാവുമായിരുന്ന പ്രജ്വൽ രേവണ്ണയെ (34 )ബലാത്സംഗ കേസിൽ ബംഗളൂർ പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജാനൻ ഭട്ട് ജീവപര്യന്തം തടവും 11 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു .48 വയസ്സുള്ള വീട്ടുജോലിക്കാരിയെ ഹസൻ ജില്ലയിലെ നരസിപുരയിലെ കുടുംബ വീട്ടിലെ ഫാം ഹൗസിൽ വച്ച് 2021 മുതൽ പലതവണ പീഡിപ്പിച്ചു എന്നാണ് കേസ് .പീഡനത്തിന്റെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു എന്നും പരാതിയുണ്ട്. വീഡിയോ പ്രചരണത്തോടെ സംഭവം വി വാദമായതിനെ തുടർന്ന് ജർമനിയിലേക്ക് പോയ അദ്ദേഹം 2024 ൽ തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റിലായത്. വിവാദം ഉയർന്നതോടെ പാർട്ടിയിൽനിന്ന് ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു. ചെറുപ്രായത്തിൽ തന്നെ രാഷ്ട്രീയത്തിൽ ഉന്നത പദവിയിലെത്താൻ കഴിഞ്ഞ തന്നോട് പലർക്കും എതിർപ്പ് ഉണ്ടായിരുന്നെന്നും അതാണ് കേസിന് കാരണമായതെന്നും രേവണ്ണ കോടതിയിൽ വാദിച്ചു. മാത്രമല്ല, സംഭവം ഉണ്ടായപ്പോൾ ആരും എവിടെയും പരാതിപ്പെട്ടിട്ടില്ല. എംപി.യായിരുന്നപ്പോഴും പരാതി ഉണ്ടായില്ല. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഷമാണ് സംഭവം വിവാദമാക്കിയതും പരാതിക്കാരി കോടതിയെ സമീപിച്ചതുമെന്നും രേവണ്ണ കോടതിയിൽ പറഞ്ഞു. മൂന്ന് കുറ്റങ്ങളിൽ ആയാണ് 10 വർഷം തടവു ശിക്ഷ വിധിച്ചത്. ഇത്തരത്തിൽ രേവണ്ണക്കെതിരെ നാല് കേസുകൾ കൂടി നിലവിലുണ്ട്. എംപി മാർക്കും എംഎൽഎമാർക്കും എതിരെയുള്ള പരാതികൾ വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. നിയമത്തിനു മുന്നിൽ കുറ്റവാളി ആരായാലും രക്ഷപ്പെടരുതെന്ന സന്ദേശമാണ് വിധി നൽകുന്നത് കോടതി അഭിപ്രായപ്പെട്ടു.
