ശ്രീകണ്ഠാപുരം: ജില്ലയിലെ മയക്കുമരുന്ന് റാക്കറ്റിലെ പ്രധാനിയെ എം.ഡി.എം.എ സഹിതം അറസ്റ്റ് ചെയ്തു. ശ്രീകണ്ഠാപുരം അടുക്കത്തെ ചാപ്പയില്‍ വരമ്പുമുറിയില്‍ ഷബീറിനെ (43)ആണ് ഇന്‍സ്‌പെക്ടര്‍ ടി.എന്‍ സന്തോഷ്‌കുമാറും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് വീട് വളഞ്ഞ് പിടികൂടിയത്. വീട്ടിനകത്തെ സോഫയില്‍ ഒളിപ്പിച്ചുവെച്ച നിലയിലാണ് എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തത്.
കഴിഞ്ഞ നവംബര്‍ 28 ന് ഷബീറിനെ ശ്രീകണ്ഠപുരം പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയിരുന്നു. വീടിന്റെ ഗേറ്റ് തുറക്കാത്തതിനെത്തുടര്‍ന്ന് മതില്‍ ചാടിക്കടന്ന് എത്തിയ പൊലീസ് ഷബീറിനെ പിടികൂടിയിരുന്നു. പൊലീസുകാരെ തള്ളിമാറ്റി കൂറ്റന്‍ മതില്‍ ചാടി രക്ഷപ്പെട്ട ഇയാളെ ഏറെസമയത്തെ തിരച്ചിലിനുശേഷം വീടിനടുത്ത കുറ്റിക്കാട്ടില്‍ നിന്നാണ് അന്ന് പിടികൂടിയത്. റിമോര്‍ട്ട് കണ്‍ട്രോള്‍ സംവിധാനം ഉപയോഗിച്ച് ഗേറ്റ് തുറക്കുന്ന ആധുനിക സംവിധാനമുള്ള വീട്ടില്‍ കാവലിന് നായ്ക്കളും വീടിന് ചുറ്റും സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിരുന്നു. ഇയാളുടെ കീഴില്‍ നിരവധി പേര്‍ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. ഷബീറിന്റെ അറസ്റ്റ് തടയാന്‍ ശ്രമിച്ച മാതാവ് ആയിഷക്ക് (55) എതിരെയും അന്ന് കേസെടുത്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം എറണാകുളം കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാട് നടത്തിവരികയായിരുന്നു പ്രതിയെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയ മയക്കുമരുന്ന് കേസ് പ്രതി സജു തോമസില്‍ നിന്നാണ് എറണാകുളം കേന്ദ്രീകരിച്ച് ഇയാള്‍ ഇടപാട് നടത്തുന്നവിവരം ലഭിച്ചത്. ഷബീറിന്റെ അക്കൗണ്ടില്‍ സജു പണം അയക്കുന്നതും തെളിഞ്ഞിരുന്നു. മയക്കുമരുന്ന് ഇടപാടിന്റെ പണമായിരുന്നു അയച്ചുകൊണ്ടിരുന്നത്. ഫോണുകള്‍ മാറിമാറി ഉപയോഗിക്കുന്നതിനാല്‍ ഇയാളുടെ ലൊക്കേഷന്‍ സംബന്ധിച്ച കൃത്യവിവരം ലഭിക്കാറില്ല. ഷബീര്‍ ശ്രീകണ്ഠാപുരത്തെ വീട്ടിലെത്തിയെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് വീട് വളഞ്ഞ് പിടികൂടിയത്. സജു തോമസുമായാണ് പൊലീസ് ഷബീറിന്റെ വീട്ടിലെത്തിയത്. റിമോര്‍ട്ട് കണ്‍ട്രോള്‍ ഗേറ്റിന്റെ റിമോട്ട് സജുവിന്റെ കൈവശമുണ്ടായിരുന്നു. ഷബീറിന്റെ ഏജന്റായ ഇയാള്‍ പലപ്പോഴും ഈ വീട്ടില്‍ എത്താറുള്ളതിനാലാണ് റിമോട്ട് കൈവശമുണ്ടായിരുന്നത്. വീടിന്റെ വാതിലിന് നമ്പര്‍ലോക്കാണുള്ളത്. നമ്പറും സജുവിന് അറിയാമായിരുന്നു. അത് ഉപയോഗിച്ചാണ് വാതില്‍ തുറന്ന് പൊലീസ് അകത്തുകയറിയത്. എ.എസ്.ഐമാരായ അഷ്റഫ്, ഗിരീഷ്, സീനിയര്‍ സി.പി.ഒ ദേവന്‍ ബാബു എന്നിവരും ഷബീറിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
