കണ്ണൂര്‍: ജഡ്ജ് ചമഞ്ഞ് തട്ടിപ്പ് നടത്തിയതിന് തിരുവനന്തപുരം വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ചിറക്കല്‍ സ്വദേശിക്കെതിരെ വളപട്ടണത്തും കേസ്. വക്കീല്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയില്‍ നിന്ന് 1,90,000 രൂപ തട്ടിയെടുത്തതിനാണ് ചിറക്കല്‍ കാട്ടാമ്പള്ളി സ്വദേശിയായ ജിഗേഷിനെതിരെ കേസെടുത്തത്. കാപ്പാട് പടിയില്‍ ഹൗസില്‍ പി. ബിന്ദു (38)ആണ് പരാതി നല്‍കിയത്. ചിറക്കല്‍ ഫോക്ലോര്‍ അക്കാദമിയില്‍ ജോലി ചെയ്തുവരികയായിരുന്ന ബിന്ദുവിനെ അവിടെ എത്തിയ ജിഗേഷ് പരിചയപ്പെടുകയും താന്‍ വക്കീലാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ബിന്ദുവിന്റെ ബാങ്ക് ലോണ്‍ ബാധ്യതയും ജപ്തി നടപടികളും ഒഴിവാക്കാന്‍ അദാലത്തില്‍ കേസ് ഫയല്‍ ചെയ്ത് തീര്‍പ്പാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കഴിഞ്ഞ ജൂലായ് രണ്ടിന് പണം കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ മുങ്ങി. ജഡ്ജിയാണെന്നും വെഞ്ഞാറമൂട് കേരള ബാങ്ക് ശാഖയിലും കുടിശികയായുള്ള പത്ത് ലക്ഷം രൂപയുടെ വായ്പ ക്ലോസ് ചെയ്ത് പ്രമാണം തിരിച്ചെടുത്ത് നല്‍കാമെന്ന് വിശ്വസിപ്പിച്ച് ദമ്പതികളില്‍ നിന്ന് ആറ് ലക്ഷം രൂപ മാനാര്‍ സ്വദേശി സുമേഷിനൊപ്പം തട്ടിയെടുത്തതിനാണ് കഴിഞ്ഞദിവസം ജിഗേഷിനെ അറസ്റ്റ് ചെയ്തത്. വിവിധ ജില്ലകളില്‍ ഇയാള്‍ സമാന തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ജന്മനാടുമായി ബന്ധമൊന്നുമില്ലാത്ത ജിഗേഷ് പല സ്ഥലങ്ങളിലായി മാറിമാറിയാണ് താമസം.
