ജയ്‌സാല്‍മര്‍: ഭാര്യയെ മറ്റൊരാള്‍ക്ക് വിവാഹം കഴിച്ചുകൊടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവവാവ് ഭര്‍തൃപിതാവിന്റെ മൂക്ക് വെട്ടി. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ഭഗ്ബാരെ ഗ്രാമത്തിലാണ് സംഭവം.
പ്രതി 30 വയസുകാരനായ രമേശ് കുമാര്‍ വിഷ്ണോയ് ഭാര്യാ പിതാവ് മോഹന്‍ലാല്‍ വിഷ്ണോയി(45)യെയാണ് ആക്രമിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പിതാവ് ജയറാം വിഷ്ണോയിക്കും മറ്റ് എട്ട് പേര്‍ക്കുമൊപ്പം എത്തിയാണ് രമേശ് കുമാര്‍ അക്രമം നടത്തിയത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് മൂക്ക് വെട്ടിയത്. താനറിയാതെ ഭാര്യയെ മറ്റൊരാള്‍ക്ക് വിവാഹം കഴിച്ചു നല്‍കിയ ദേഷ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ബധ ഗ്രാമത്തിലെ രാജ് കുമാര്‍ വിഷ്ണോയി(27)യുമായാണ് മകളുടെ വിവാഹം മോഹന്‍ലാല്‍ നടത്തിയത്. രമേശിനെ അറിയിക്കാതെയാണ് ജൂലൈ 18 ന് രണ്ടാമത്തെ വിവാഹം നടത്തിയത്. സംഭവമറിഞ്ഞ് പ്രകോപിതനായ രമേശ് വീട്ടിലെത്തി അക്രമണം നടത്തുകയായിരുന്നു. മോഹന്‍ലാലിന്റെ നിലവിളി കേട്ട് നാട്ടുകാരെത്തുമ്പോഴേക്കും രമേശ് സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
പരിക്കേറ്റ ഇയാളെ ധോരിമണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഹന്‍ലാലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് രമേശിനും സംഘത്തിനും വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. രമേശും ഭാര്യയും പ്രായപൂര്‍ത്തിയാകാത്തപ്പോള്‍ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിച്ചുവരികയാണെന്നും അത് നിയമപരമായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ്, വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണം, രമേശിനെ ഉപേക്ഷിച്ച് യുവതി മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങിവന്നിരുന്നു. പിന്നീട് രമേശുമായി ബന്ധമുണ്ടായിരുന്നില്ലെന്നും അങ്ങനെയാണ് രണ്ടാംവിവാഹത്തിന് കുടുംബം ഒരുങ്ങിയതെന്നും പൊലീസ് വ്യക്തമാക്കി.
