കൊച്ചി: ഒരിടവേളക്ക് ശേഷം സിനിമയിൽ സജീവമായ നടൻ കലാഭവൻ നവാസിന്റെ മരണം സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. പ്രിയ സുഹൃത്തുക്കൾക്കാർക്കും അതുൾകൊള്ളനാകുന്നില്ല. ചോറ്റാനിക്കരയിലെ ഹോട്ടലിൽ ഇന്നലെ മരിച്ച നവാസിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. രാവിലെ എട്ടരയ്ക്ക് ഇൻക്വസ്റ്റ് പൂർത്തിയാക്കി 10 മണിയോടെ പോസ്റ്റ്മോർട്ടം നടത്തും. പോസ്റ്റ്മോർട്ടത്തിന് ശേഷം ആലുവ ചൂണ്ടിയിലുള്ള വീട്ടിലേക്ക് മൃതദേഹം കൊണ്ടുവരും. ഇവിടെ ബന്ധുക്കൾക്ക് മാത്രം അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യം ഒരുക്കും. നാല് മണിയോടെ ആലുവ സെൻട്രൽ ജുമാ മസ്ജിദിലേക്ക് മൃതശരീരം എത്തിക്കും. തുടർന്ന് അഞ്ച് മണിയോടെ സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ സംസ്കാരം. വെള്ളിയാഴ്ച രാത്രിയാണ് ചോറ്റാനിക്കരയിലെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് ഹോട്ടൽ മുറിയിൽ എത്തിയ നവാസിനെ മരിച്ച നിലയിൽ കാണുന്നത്. ഹോട്ടൽ മുറിയിലെത്തിയ റൂം ബോയിയാണ് നിലത്ത് വീണ നിലയിൽ നവാസിനെ ആദ്യം കണ്ടത്. ഹോട്ടൽ മുറിയിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രകമ്പനം സിനിമയുടെ ചിത്രീകരണത്തിന് ശേഷം ഹോട്ടലിൽ മടങ്ങിയെത്തിയപ്പോഴാണ് നവാസിൻറെ വിയോഗം. രണ്ടുദിവസം തൻറെ ഷൂട്ടിംഗ് ഇല്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു നവാസ്. ഒരു ഇടവേളക്ക് ശേഷം അദ്ദേഹം സിനിമയിൽ വീണ്ടും സജീവമാകുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം.കലാഭവനിലൂടെ മിമിക്രി രംഗത്തേക്ക് കടന്നുവന്ന നവാസ്, വൈകാതെ നടനും ഗായനുമെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടെലിവിഷൻ ഷോകളിലൂടെ മലയാളിയുടെ വീടുകങ്ങളിൽ സുപരിചിതനായി മാറിയ നവാസ് 1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. മാട്ടുപ്പെട്ടി മച്ചാൻ, തില്ലാന തില്ലാന, മായാജാലം, ജൂനിയർ മാൻഡ്രേക്ക്, മൈ ഡിയർ കരടി, ചട്ടമ്പി നാട്, ചക്കരമുത്ത്, മേരാം നാം ഷാജി തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. അഭിനയിച്ചതിലേറെയും ഹാസ്യ കഥാപാത്രങ്ങളായിരുന്നു. താരങ്ങളെ ഭംഗിയായി അനുകരിക്കുന്ന നവാസിന് പാടാനും മിടുക്കുണ്ടായിരുന്നു. എസ്. ജാനകി ഉൾപ്പെടെയുള്ള ഗായികമാരുടെ സ്വരം അനുകരിക്കുന്ന നവാസിന്റെ വൈഭവത്തിന് ഏറെ കൈയടി കിട്ടിയിരുന്നു.കഴിഞ്ഞ മാസം കലാഭവൻ എറണാകുളത്ത് നടത്തിയ മിമിക്രി ശില്പശാലയിലും നവാസ് അതിഥിയായി എത്തിയിരുന്നു.
