മംഗളൂരു: സ്‌കൂള്‍ വാന്‍ ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. കാര്‍ക്കള നീരേ ബൈലൂര്‍ സ്വദേശി മൊയ്ദീന്‍ ബാവ(65)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഉഡുപ്പിയിലാണ് സംഭവം. വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്നതിനിടെ ഡ്രൈവര്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതോടെ വാഹനം റോഡരികില്‍ ഒതുക്കി നിര്‍ത്തി. തുടര്‍ന്ന് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സാമൂഹിക പ്രവര്‍ത്തകനായ നിത്യാനന്ദ വോളകാടിനോട് ആംബുലന്‍സ് എത്തിക്കാന്‍ ആവശ്യപ്പെട്ടു. അജാര്‍കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ ഡ്രൈവര്‍ വാഹനം നിര്‍ത്തി സഹായം തേടിയതിനാല്‍ വലിയൊരു അപകടം ഒഴിവായി.
