കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായ റാപ്പര്‍ വേടന്‍ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടുമെന്ന് റിപ്പോര്‍ട്ട്. ജാമ്യാപേക്ഷ ഇന്ന് തന്നെ നല്‍കുമെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരിഗണിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ബലാത്സംഗ കേസ് തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കും. ഇന്‍ഫോപാര്‍ക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല. രഹസ്യ മൊഴി പകര്‍പ്പ് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇതിന് ശേഷമായിരിക്കും കേസില്‍ വേടനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക. പരാതിയുടെ അടിസ്ഥാനത്തില്‍ കൊച്ചിയിലും, കോഴിക്കോടും പരിശോധനകള്‍ നടത്തും. അതേസമയം, വേടനുമായി യുവതിയുടെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് സ്ഥിരീകരിച്ചു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കിയിരുന്നു. ഇവയുടെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ഹാജരാക്കിയിട്ടുണ്ട്. 2021 ആഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയ പ്ലാറ്റഫോമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില്‍ കോഴിക്കോട്ടെ ഫ്ളാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് ഡോക്ടര്‍ മൊഴി നല്‍കിയിരിക്കുന്നത്.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പിന്നീട് പലയിടത്തും വെച്ച് വേടന്‍ പീഡിപ്പിച്ചുവെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. 2023 ലാണ് വേടന്‍ തന്നെ ഒഴിവാക്കിയതെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്. താന്‍ ടോക്സിക് ആണ് സ്വാര്‍ത്ഥയാണ് എന്നുള്‍പ്പെടെ ആരോപിച്ചാണ് തന്നെ വേടന്‍ ഒഴിവാക്കിയതെന്നാണ് ഡോക്ടര്‍ മൊഴി നല്‍കിയത്. വേടനെതിരെ നേരത്തെയും മീ ടൂ ആരോപണം ഉയര്‍ന്നിരുന്നു.
ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. വേടനെതിരെ കേസെടുത്ത സാഹചര്യത്തില്‍ കണ്ണൂരിലെ പരിപാടി അനിശ്ചിതത്വത്തിലായി. ഈമാസം 23ന് പിലാത്തറയിലാണ് പരിപാടി.
