ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഷാരൂഖ് ഖാനും വിക്രാന്ത് മാസ്സിക്കും 2023 ലെ മികച്ച നടന്മാർക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം. റാണി മുഖർജിയാണ് മികച്ച നടി. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്ക്’ ആണ് മികച്ച മലയാള ചിത്രം. മികച്ച സഹനടിയായി ഉർവശിയും സഹനടനായി വിജയരാഘവനും തെരഞ്ഞെടുക്കപ്പെട്ടു. ‘പൂക്കാലം’ ചിത്രത്തിലെ അഭിനയത്തിനാണ് വിജയരാഘവന് പുരസ്കാരം. ഗുജറാത്തി നടി ജാനകി ബോധിവാലയോടൊപ്പമാണ് ഉർവശി പുരസ്കാരം പങ്കിട്ടത്. ഉർവശിയും പാർവതി തെരുവോത്തും മുഖ്യ കഥാപാത്രങ്ങൾ ആയി വന്ന ചിത്രമാണ് ഉള്ളൊഴുക്ക്. ‘ജവാനി’ലെ അഭിനയത്തിനാണ് ഷാരൂഖിന് പുസ്‍രകാരം. ‘ട്വൽത്ത് ഫെയ്ൽ’ എന്ന ചിത്രമാണ് ദേശീയ തലത്തിൽ മികച്ച ചിത്രം. ഇതിലെ അഭിനയത്തിനാണ് വിക്രാന്ത് മാസിക്ക് പുരസ്കാരം. മലയാളി സംവിധാകനും എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ എം.കെ രാംദാസിന്റെ ചിത്രമായ ‘നെകൽ’ ജൂറിയുടെ പ്രത്യേക പരാമർശം നേടി. ‘നെകല്‍ – നെല്ലുമനുഷ്യന്‍റെ കഥ’ എന്ന ചിത്രത്തിൽ ചെറുവയല്‍ രാമന്‍റെ ജീവിതവും കൃഷി രീതികളുമാണ് പ്രമേയം. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ട്വൽത്ത് ഫെയിൽ ആണ് മികച്ച ഫീച്ചർ സിനിമ. മിസിസ് ചാറ്റർജി വേഴ്സസ് നോർവേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് റാണി മുഖർജിക്ക് മികച്ച നടിയ്ക്കുള്ള പുരസ്കാരം ലഭിച്ചത്.
